തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന് സിപിഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സിപിഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
കോൺഗ്രസ് ദാനം ചെയ്ത പി.കെ.വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനം 1979 ൽ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി സിപിഐ ബലിയർപ്പിച്ചു. അതിനു ശേഷം സിപിഎം പറമ്പിലെ കുടികിടപ്പുകാർ മാത്രമാണ് സിപിഐക്കാർ.
കുടിയാനോടുള്ള ജന്മിയുടെ പഴയ മനോഭാവമാണ് സിപിഎം ഇപ്പോഴും അവരോട് പുലർത്തുന്നത്. കേരളം കഴിഞ്ഞാൽ സിപിഎം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സിപിഐ യെയാണ് സിപിഎം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
സിപിഐയിലെ അച്യുതമേനോനും പികെവിയും മുഖ്യമന്ത്രിമാരായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന 1969 മുതൽ 79 വരെയുള്ള സുവർണകാലം ബിനോയ് വിശ്വത്തിന് അയവിറക്കാനേ കഴിയൂ. സിപിഎമ്മിന്റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.