പഴയങ്ങാടി: ബിജെപി സർക്കാർ നാടിനെ അടിമ- ഉടമകളുടെ കാലത്തേക്കാണ് ഇന്ത്യയെ കൊണ്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പറവൂർ സെന്റർ ബ്രാഞ്ചിനു വേണ്ടി നിർമിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി ബിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പാവങ്ങളെയായിരിക്കും.
പ്രതിഷേധം ഇനിയും ശക്തിപ്പെടുത്തുമെന്നും മനുഷ്യ മഹാശൃംഖല മനുഷ്യമതിലായി മാറിയത് ഏറിവരുന്ന ജനപങ്കാളിത്തം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഫോട്ടോ അനാഛാദനം ചെയ്തു. ഒ.വി. നാരായണൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു സി.കെ. കുഞ്ഞിരാമൻ, കെ. രഞ്ജിത് എന്നിവരെ ആദരിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.പി. ദാമോദരൻ, മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, പി.പി. പ്രകാശൻ, ഇ.പി. ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ, ചന്തൻകുട്ടി, കെ.സതി, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.