തിരുവനന്തപുരം: വീണ്ടും ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പറയുന്നു.
പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്നും സൂചിപ്പിക്കുന്നു.എന്‍. പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. ഹിയറിംഗിന്റെ ഓഡിയോ വീഡിയോ റെക്കോർഡിംഗും ലൈവ് സ്ട്രീമിംഗും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധന. എന്നാൽ ഇത് അംഗീകരിക്കാൻ സാധ്യതയില്ല. 16ന് 4.30ന് ഹാജരാകണമെന്നാണ് എന്‍. പ്രശാന്തിനുള്ള നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.