അടിമാലി: ഇരുന്പുപാലത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് മരിച്ച ചാലക്കുടി സ്വദേശികളുടെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ രാവിലെ തന്നെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുന്പുപാലം ചെറായി പാലത്തിന് സമീപം ദേവിയാർ പുഴയിലേക്ക്് കാർ മറിഞ്ഞാണ് വിനോദ യാത്രസംഘത്തിലെ മൂന്ന് പേർ മരിച്ചു.
ചാലക്കുടി എലിഞ്ഞപ്ര പായിപ്പൻ വീട്ടിൽ ജോയി(51) ഭാര്യ ഷാലി (47) ഇവരുടെ മകൾ ജിസ്നയുടെ കുട്ടി ജീയന്ന (സാറ 3) എന്നിവരാണ് മരിച്ചത്.ജീന (20), ജിസ്ന(25), ജീവൻ (16) ജിസ്നയുടെ ഭർത്താവ് ജിയോ(35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവിടുത്തെ കാർഡിയാക് ആംബുലൻസിൽ രണ്ടു നഴ്സുമാരെയും കൂട്ടി ഇവരെ രാജഗിരി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. രണ്ട് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
മൂന്നാർ സന്ദർശനത്തിന് ശേഷം തിരിച്ച് ചാലക്കുടിയിലേക്ക് പോകുന്പോൾ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. ഏഴു പേരാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് ഇവരെ വെളളത്തിൽ നിന്ന് കരക്കെടുത്തത്. ഷാലിയും കുട്ടിയും സംഭവസ്ഥത്ത് വെച്ചും ജോയി അശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയുമാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച അതേ സ്ഥലത്താണ് ഇപ്പോഴും അപകടം ഉണ്ടായത്.
ഉദ്ദേശം 50 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. കാർ ലോക്കായതിനാൽ ഉളളിലുളളവരെ രക്ഷിക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു.നാട്ടുകാർ വെളളത്തിൽ നിന്ന് കാർ ഉയർത്തി പിടിച്ചശേഷമാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.പതിവായി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും ഇടുങ്ങിയ ഈ ഭാഗം വീതികൂട്ടാനോ ഡിവൈഡർ സ്ഥാപിക്കാനോ ദേശീയപാത അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ജീയോ നാല് ദിവസം മുൻപാണ് ഗൽഫിൽ നിന്നും എത്തിയത്.