ഇടുക്കി: അടിമാലിയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ അടിമാലി അപ്സരക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സുധീഷ് (24) സുഹൃത്തിനെ വക വരുത്താന്‍ നീക്കം നടത്തിയത് കൃത്യമായ ആസൂത്രണത്തില്‍.
എന്നാല്‍ സംഭവം പാളിയതോടെ സുധീഷ് പോലീസിനു മുന്നില്‍ വിവരിച്ച കെട്ടുകഥകളും പൊളിഞ്ഞു. മദ്യം കഴിച്ച് സുധീഷിന്റെ അമ്മയുടെ സഹോദരനായ പടയാട്ടില്‍ കുഞ്ഞുമോന് മരിച്ചതോടെയാണ് സുധീഷ് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കഥ മെനഞ്ഞത്.
എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യം വാങ്ങിയതും വിഷം കലര്‍ത്തിയതും കൊടുത്തതുമെല്ലാം സുധീഷ് തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. സുധീഷിനെ ഇന്നു രാവിലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ദേഹാസ്വാസ്ഥ്യം ആദ്യം മനുവിന്
വഴിയില്‍ കിടന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സുധീഷാണ് സുഹൃത്തായ മനുവെന്ന മനോജിന് ആദ്യം മദ്യം നല്‍കുന്നത്. കൃഷിയിടത്തിലെ ഷെഢിലിരുന്ന് മനു ഇത് കഴിച്ച് കൊണ്ടിരിക്കേ സുഹൃത്തുക്കളായ കുഞ്ഞുമോനും അനില്‍ കുമാറും എത്തിയത്.
ഇവരും ഈ മദ്യം പങ്കുവെച്ച് കഴിച്ചു. മദ്യം കഴിച്ചതിനെ തുടര്‍ന്ന് മനുവിനാണ് ആദ്യം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് മൂന്നു പേര്‍ക്കും തളര്‍ച്ച അനുഭവപ്പെട്ടു.
ഇതിനിടയില്‍ മനു രക്തം ഛര്‍ദ്ദിച്ചതോടെയാണ് അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്ഥിതി ഗുരുതരാവസ്ഥയിലായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മറ്റു രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു.
സുധീഷിനെ അവിശ്വസിച്ചില്ല
മദ്യത്തില്‍ വിഷാംശം കലര്‍ന്ന കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൂവരും അത് തങ്ങള്‍ക്ക് മദ്യം നല്കിയ സുധീഷില്‍ നിന്നുണ്ടായ ചതിയാണെന്ന് വിശ്വസിച്ചിരുന്നില്ല.
അതിനാല്‍ മൂന്നുപേരും പോലീസിന് ആശുപത്രിയില്‍ വെച്ച് നല്കിയ മൊഴിയില്‍ സുധീഷിനെ സംശയമില്ലെന്നാണ് മൊഴി നല്‍കിയത്. കീടനാശിനി കലര്‍ത്തിയ മദ്യം കഴിച്ചതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് പൊതുവെ കരുതിയിരുന്നത്. പോലീസും ആദ്യ ഘട്ടത്തില്‍ ഈ നിഗമനത്തിലായിരുന്നു.
സിറിഞ്ചിലൂടെ വിഷമെന്ന് കെട്ടു കഥ
ഇതിനിടയിലാണ് മദ്യകുപ്പിയില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നതായി മരിച്ച കുഞ്ഞുമോന്റെ സഹോദരന് വെളിപ്പെടുത്തിയത്.
സിറിഞ്ച് ഉപയോഗിച്ചുള്ള ദ്വാരമായിരുന്നെന്നും ആരോ ഇത്തരത്തില്‍ സിറിഞ്ചിലൂടെ കുപ്പിയില്‍ വിഷം കലര്‍ത്തി വഴിയരുകില്‍ ഇട്ടിരുന്ന മദ്യമായിരിക്കാം തങ്ങള്‍ക്ക് ലഭിച്ചതെന്നുമുള്ള കഥ സുധീഷ് തന്നെ പ്രചരിപ്പിച്ചു.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കുപ്പിയിലുണ്ടായിരുന്ന സിറിഞ്ച് മൂലമുണ്ടാക്കുന്ന ദ്വാരം അല്ലായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് സുധീഷിന്റെ പല മൊഴിയിലും വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്.
പ്രതി സുധീഷ് നടത്തിയത് തുടക്കം മുതലേ നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മനുവിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന സുധീഷ് മദ്യം ബിവറേജ് ഔട്ട്ലെറ്റില് നിന്നും വാങ്ങി സൂക്ഷിച്ച ശേഷം കുപ്പി പൊട്ടിച്ച് ഏലത്തിനടിക്കുന്ന കീടനാശിനി കലര്‍ത്തിയ ശേഷം അപ്രതീക്ഷിതമായി വഴിയില്‍ നിന്നും കിട്ടുന്ന വിധത്തില്‍ ഇടുകയായിരുന്നു.
ഇത് മനുവിന് എടുത്ത് നല്‍കുകയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം സുധീഷ് കരുതിയത് പോലെ നടത്തി യെങ്കിലും പിന്നീട് നടത്തിയ നീക്കങ്ങളിലാണ് സംശയത്തിന്റെ നിഴലിലാകുന്നത്.
സുധീഷ് ഇവര്‍ക്ക് മദ്യം നല്‍കിയെങ്കിലും ഇവര്‍ക്കൊപ്പം മദ്യപിക്കാതിരുന്നത് അന്വേഷണ സംഘത്തിന് സംശയം ജനിപ്പിച്ചു. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ സുധീഷ് കുപ്പി കത്തിച്ച് കളഞ്ഞതാണ് സംശയത്തിനിടയാക്കിയ മറ്റൊരു പ്രധാന കാരണം.
ഈ കുപ്പിയിലാണ് പിന്നീട് സിറിഞ്ചിലുടെ വിഷം കലര്‍ത്തിയെന്നും ദ്വാരം ഉണ്ടായിരുന്നുവെന്നുമുള്ള പ്രചാരണം നടന്നത്. മദ്യം കഴിച്ചതിന് പിന്നാലെ മൂവരും ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചെങ്കിലും സുധീഷ് ശര്ദിക്കുന്നതിനായി വേഗം ഉപ്പു കലക്കി നല്‍കിയത് അമ്മാവനായ കുഞ്ഞുമോനായിരുന്നു. മറ്റുള്ളവര്‍ക്ക് ഇതു നല്‍കിയതുമില്ല. ഇതും സുധീഷിന്നെ സംശയത്തിന്റെ നിഴലിലാക്കി.
പിന്നില്‍ മുന്‍ വൈരാഗ്യം
മനു തനിക്ക് പണം തരാനുണ്ടായിരുന്നെന്നും ഇതിന്റെ വൈരാഗ്യമാണ് കൊല്ലാന്‍ ശ്രമിച്ചതിന്റെ കാരണമെന്നുമാണ് സുധീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയ കുറ്റസമ്മത മൊഴിയിലുള്ളത്.
കഞ്ചാവ് കടത്തിയതും വാങ്ങിയതും സംബന്ധിച്ച സാമ്പത്തിക ഇടപാടാണ് ശത്രുതയ്ക്ക് കാരണമായി പറഞ്ഞിരിക്കുന്നത്. കൃത്യത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.