അടിമാലി: ആദ്യം 30 അടിയോളം ഉയരത്തിൽ 30 മീറ്റർ റോഡിലൂടെ. പിന്നീട് 150 മീറ്ററോളം താഴേക്ക് പറക്കൽ, ശേഷം പതിയെ താഴേക്ക്. വൈദ്യൂതി ലൈനുകളിലും ട്രാൻഫോർമറിലും തട്ടാതെ കാർ നേരെ പതിച്ചത് നിർത്തിയിട്ടിരുന്ന ആംബുലൻസിനുമുകളിൽ. വൻദുരന്തമായി മാറുമായിരുന്ന വാഹനാപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിൽ നാട്ടുകാരും.
ഇന്നലെ രാവിലെ 9.30-ഓടെയായിരുന്നു കാഴ്ചക്കാരെ ഏറെ അന്പരപ്പിച്ച അപകടമുണ്ടായത്. അടിമാലി മുനിത്തണ്ട് കുടിലാൻ കെ.ആർ. ബിനു (42), ഭാര്യ സിന്ധു (38) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വീട്ടിൽനിന്നും കാറിൽ ഇറക്കമിറങ്ങി വരുന്പോൾ നിയന്ത്രണംവിട്ടുവന്ന വേഗത്തിൽ താഴേക്കു പതിക്കുകയായിരുന്നു.
വാഹനം വേഗത്തിലായിരുന്നതിനാൽ റോഡിൽനിന്നും പറന്നാണ് 150 മീറ്ററോളം താഴേക്കു വന്നത്. അപകടത്തിൽ ബിനുവിന് കാര്യമായ പരിക്കില്ല. സിന്ധുവിന്റെ കണ്ണിനും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.