അടിമാലി: കൊച്ചി മധുര ദേശീയ പാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്.മാനന്തവാടി കാഞ്ഞിരംകാട് തേറ്റമല മഞ്ചേരിക്കൽ ആനന്ദിന്റെ മകൻ അനീഷ് (35) ആണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തേറ്റമല പൂന്തോട്ടത്തിൽ ജിനേഷ്(27), കൊച്ചുപുരയ്ക്കൽ അനീഷ്(32), ഗിരീഷ് (27), ജിൻസണ്(27) എന്നിവർക്കാണ് പരിക്കേറ്റത്.
മാനന്തവാടിയിൽനിന്ന് മൂന്നാറിന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 5.45-നായിരുന്നു അപകടം. ഓൾട്ടോ കാർ നിയന്ത്രണം വിട്ട് 400 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാർ നിശേഷം തകർന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും ഇവരോടൊപ്പം ചേരുകയായിരുന്നു. മരിച്ച അനീഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.