തൊടുപുഴ: അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. നഗരമധ്യത്തിലെ രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കർണാടക, തുങ്കൂർസിറ പോലീസ് സ്റ്റേഷൻ പരിധിയിൽ മുഖാപട്ടണം രാഘവ് (രാഘവേന്ദ്ര23), ഹനുമന്ദപുര തോട്ടാപുര മധു (രാജേഷ് ഗൗഡ 23), സഹോദരൻ മഞ്ജുനാഥ് (19) എന്നിവർക്കാണ് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട ജീവപര്യന്തവും പിഴ ശിക്ഷയും വിധിച്ചത്.
കൊലപാതകത്തിനും കവർച്ചക്കും ഇരട്ട ജീവപര്യന്തം തടവും 10000 രൂപ വീതം പിഴയും, അതിക്രമിച്ചു കയറിയതിന് 10 വർഷം കഠിനതടവും 5000 രൂപ പിഴയും, തെളിവു നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവിനു പുറമേ 2500 രൂപ പിഴയും ആണ് വിധിച്ചത്.
സാഹചര്യത്തെളിവുകളുടെ പിൻബലത്തിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കർണാടകത്തിലെ ജയിലിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. പ്രതികളെ മൂവാറ്റുപുഴ സബ്ജയിലിലേക്കു മാറ്റി.
2015 ഫെബ്രുവരി 12 രാത്രി 11.45നാണു കൂട്ടക്കൊലപാതകം. പഴയ തുണിത്തരങ്ങൾ ശേഖരിച്ച് സ്വദേശത്തെത്തിച്ച് നിറം മുക്കി വിൽപ്പന നടത്തുന്നവരായിരുന്നു പ്രതികൾ. നേരത്തെ ഇവർ ലോഡ്ജിൽ താമസിച്ചിരുന്നു. പിന്നീട് ഇവിടെ മുറിയെടുത്താണ് കൊലപാതകം നടത്തിയത്. ലോഡ്ജിലെ മൂന്നാം നിലയിലുള്ള 302-ാം നന്പർ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ചനിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
ആയിഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങൾ ലോഡ്ജിലെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായും കണ്ടെത്തി. കൊലപാതകത്തിനുശേഷം 19.5 പവൻ സ്വർണാഭരണങ്ങൾ, റാഡോ വാച്ച്, മൊബൈൽ ഫോണ് അടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവർച്ചയും നടത്തിയാണ് പ്രതികൾ സ്ഥലം വിട്ടത്.
54 സാക്ഷികളിൽ 52 പേർ പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു. 77 പ്രമാണങ്ങളും 56 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു. വിധിക്കു ശേഷം പ്രതിഭാഗം അഭിഭാഷകനും മരിച്ചവരുടെ ബന്ധുക്കളും തമ്മിൽ കോടതി വളപ്പിൽ വാക്കേറ്റവുമുണ്ടായി.