ഇടുക്കി അടിമാലിയില്‍ സ്വന്തം മകനായ ഒന്‍പതു വയസുകാരനെ മൃഗീയമായി പീഡിപ്പിച്ച കൂമ്പന്‍പാറ പഴംപിള്ളിയില്‍ നസീര്‍, ഭാര്യ സലീന എന്നിവരുടെ ജീവിതം ദുരൂഹത നിറഞ്ഞത്. ദേശീയ പാതയോരത്ത് അമ്പതിനായിരം രൂപ പാട്ടത്തിനെടുത്ത ഷീറ്റു മേഞ്ഞ വീട്ടില്‍ അയല്പക്കവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു നസീറും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുന്‍പ് എറണാകുളത്തു നിന്നാണ് ഇവര്‍ ഇവിടെയെത്തിയത്. വല്ലപ്പോഴും മാത്രമായിരുന്നു ഇവരെ ഇവിടെ കണ്ടിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രിയില്‍ പലപ്പോഴും അപരിചിതരായ നിരവധിപേര്‍ ഈ വീട്ടിലെത്തിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.
അയല്‍പ്പക്കകാരുമായി സെലീനയ്ക്കു കാര്യമായ ബന്ധമുണ്ടായിരുന്നില്ല. നസീര്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരവധി പുരുഷന്മാര് ഇവിടെ വന്നുപോയിരുന്നു. വീട്ടില്‍നിന്നു പൊട്ടിച്ചിരിയും വാര്‍ത്തമാനവും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കേട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. നസീറിന്റെ വഴിപിഴച്ച ജീവിതം കാരണം ബന്ധുക്കളും ഇയാളെ തിരിഞ്ഞു നോക്കാറില്ലായിരുന്നു. ആക്രിക്കച്ചടവും മീന്‍ വില്‍പ്പനയുമായി കഴിഞ്ഞിരുന്ന നസീര്‍ അടുത്തിടെയാണ് വീടിനുമുന്നില്‍ പെട്ടിക്കട തുടങ്ങുന്നത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി നാട്ടുകാര്‍ എക്സൈസ് അധികൃതരെ അറിയിച്ചിരുന്നു. നസീര്‍ താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ച പ്രദേശമായിരുന്നതിനാല് എന്തു നടന്നാലും പുറം ലോകം അറിയില്ലായിരുന്നു. അപരിചിതരായ പലരും ഇവിടെ വന്നു പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി നൗഫലിനെ മാനസികവും ശാരീരികമായും ഇവര്‍ പീഡിപ്പിച്ചിട്ടും പുറംലോകം അറിഞ്ഞിരുന്നില്ല.
കമ്പി വടി ഉപയോഗിച്ച് കാലില്‍ അടിക്കുകയും തേങ്ങാകൊണ്ട് ഇടിക്കുകയും ചെയ്തു. കൂടാതെ ഗ്യാസ് സ്റ്റൗ കത്തിച്ച് വെച്ചശേഷം അതിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് പൊളളിക്കുകയും ചെയ്തു. തിളപ്പിച്ച വെളളം ശരീരത്തില്‍ ഒഴിച്ചു. ഉറക്കെ കരയാന്‍പോലും സമ്മതിച്ചില്ല. കരയുമ്പോള്‍ വായ പൊത്തിപ്പിടിച്ചിരുന്നു. നൗഫലിനെ ബാപ്പയും ഉപ്പയും ചേര്‍ന്ന് തല്ലുകയും മറ്റും ചെയ്യുമ്പോള്‍ അനുജന് മുഹമ്മദ് ഹനീഫ നോക്കി നില്ക്കുമായിരുന്നു. പേടിയോടെ കരയുന്നതും കാണുമായിരുന്നു. രാത്രിയിലായിരുന്നു ഇവര്‍ വീട്ടില്‍ എത്തിയിരുന്നത്. പകല്‍ ഇവര്‍ പോകുമ്പോള്‍ അനുജന് മുഹമ്മദ് ഹനീഫയേയും വീട്ടില്‍ പൂട്ടിയിടും.
ആരെങ്കിലും ചോദിച്ചാല്‍ കുരങ്ങ് കടിച്ചതാണെന്നും കുരങ്ങ് ഒടിച്ചപ്പോള്‍ പാറയില്‍ നിന്നും വീണുണ്ടായ പരിക്കാണ് ശരീരത്തില്‍ കാണുന്നതെന്ന പറയണമെന്നും ഉമ്മ സെലീന പറഞ്ഞ പ്രകാരമായിരുന്നു കുരങ്ങ് കടിച്ചതെന്ന് നൗഫല്‍ ആദ്യം പറഞ്ഞത്. മാതാപിതാക്കളുടെ കൊടിയ പീഡനത്തിനിരയായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നൊഫല്‍ എന്ന ഔന്‍പതു വയസുകാര്‍ ഇന്നലെ അടിമാലി എസ്ഐ ലാല്‍സി ബേബിക്കു നല്കിയ മൊഴിയിലാണ് മനുഷത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്.