ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തില്‍ പോലീസ്. മരിച്ച കുഞ്ഞുമോനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ ഇന്ന് ചോദ്യം ചെയ്യും.
പുത്തന്‍പറമ്പില്‍ അനു, കീരിത്തോട് മഠത്തിപറമ്പില്‍ മനോജ്, ഇവര്‍ക്ക് മദ്യം പകര്‍ന്ന് നല്കിയ സുധീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക.
മദ്യക്കുപ്പിയില്‍ കണ്ടെത്തിയ ചെറിയ ദ്വാരമാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യത്തില്‍ കലര്‍ത്തിയതാകാമെന്ന് പോലീസ് പറയുന്നു.
മദ്യം, ഇത് കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസ്, കുപ്പി എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
മദ്യം കഴിച്ച് അവശനിലയിലായിരുന്ന കുഞ്ഞുമോന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളായ സുധീഷ് മദ്യം കഴിച്ചിരുന്നില്ല.
വിഷം കലര്‍ത്തിയതിനു പിന്നില്‍ ഇയാളാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. നാലുപേരെയും കൊലപ്പെടുത്താന്‍ മറ്റാരെങ്കിലും നടത്തിയ നീക്കമാണോ എന്നും സംശയമുണ്ട്.