അടിമാലി: രണ്ടര വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ചികിൽസിക്കാൻ ആശുപത്രിയിൽ എത്തിയ വീട്ടമ്മ കുഞ്ഞിനെ ആശുപത്രി കിടക്കയിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങി. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി ഇളയ കുട്ടിയെ ചികിൽസിക്കാനാണ് ആശുപത്രിയിൽ എത്തിയത്. മറയൂർ സ്വദേശി അവിവാഹിതനായ യുവാവ് ജ്യേഷ്ഠനെ ചികിൽസിക്കാൻ ഇവിടെ എത്തി. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
നാല് ദിവസത്തെ പരിചയം ശനിയാഴ്ച ഇവരുടെ ഒളിച്ചോട്ടത്തിൽ എത്തി. ഭർത്താവ് വീട്ടിൽ പോയ സമയത്ത് കുഞ്ഞിനെ കട്ടിലിൽ കിടത്തി. ഞാൻ ഉടൻ വരാം കഞ്ഞിനെ നോക്കണം എന്നുപറഞ്ഞ് സമീപത്തെ രോഗിയെ ഏൽപ്പിച്ച് യുവതി കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. വൈകുന്നേരം ഭർത്താവ് രണ്ട് കുട്ടികളേയും കൂട്ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഭർത്താവ് അടിമാലി പോലീസിൽ പരാതി നൽകി. മാൻ മിസ്സിംഗിന് പോലീസ് കേസെടുത്തു. ഇന്നലെ യുവതിയെ പോലീസ് മറയൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് അടിമാലി സ്റ്റേഷനിൽ കൊണ്ടുവന്നു.
യുവതി ഭർത്താവിനോടൊപ്പം പോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ യുവതിയെ പോലീസ് ചെറുതോണിയിലെ സദർ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനോടൊപ്പം പോകുവാനാണ് താൽപര്യമെന്ന് യുവതി പോലീസിൽ അറിയിച്ചു.