അടിമാലി: 1988 ഡിസംബർ ഏഴ്, രാജന് നടുക്കുന്ന ഓർമയാണ്. വിധിയുടെ വിളയാട്ടത്തിൽ തന്റെ ശരീരത്തിനൊപ്പം മുറിവേറ്റതും തകർന്നതും തന്റെ ജീവിതം കൂടിയാണെന്ന യാഥാർഥ്യം അംഗീകരിക്കുന്പോഴും നാലു ചുമരുകൾക്കുള്ളിലെ കട്ടിലിൽ നീണ്ട 30 വർഷത്തെ കിടപ്പു തുടരുകയാണ് കീരിത്തോട് പുളിമൂട്ടിൽ രാജൻ.
മുരിക്കാശേരി പാവനാത്മ കോളജിൽ പിഡിസിക്കു പഠിക്കുന്പോൾ ഒരു വൈകുന്നേര യാത്രയിലാണ് നാടിനെത്തന്നെ നടുക്കിയ ആ ദുരന്തം.
മുരിക്കാശേരി – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന വിപിഎംഎസ് ബസ് നിറയെ യാത്രക്കാർ, ഭൂരിഭാഗവും വിദ്യാർഥികൾ. ഉപ്പുതോട് ചാലിസിറ്റിക്ക് സമീപമുള്ള കുത്തിറക്കത്തിലെ വളവിൽ വൈകുന്നേരം 4.30-ഓടെ നിയന്ത്രണംവിട്ട ബസ് 300 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവസ്ഥലത്ത് മരിച്ചവരുൾപ്പെടെ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു കൊണ്ടുപോയി. സംഭവത്തിൽ എട്ടു പെണ്കുട്ടികളടക്കം 10 വിദ്യാർഥികൾ മരിച്ചു. നിരവധിപേർക്ക് അംഗവൈകല്യങ്ങൾ സംഭവിച്ചു.
തന്നോടൊപ്പം പഠിച്ചിരുന്ന തടിയന്പാടു സ്വദേശിനി സുജാതയെന്ന കുട്ടി തന്നെപ്പോലെ തളർന്നുകിടക്കുന്നതായി രാജൻ ഓർത്തെടുത്തു. അപകടത്തിൽപ്പെട്ട ബസിന്റെ ഇൻഷ്വറൻസ് കാലാവധി അപകടത്തിന് തലേന്നു തീർന്നതിനാൽ ക്ലെയിം സംബന്ധിച്ച് പ്രതിസന്ധിയുമുണ്ടായി. പിന്നീട് 1993-ൽ കോടതി 1.5 ലക്ഷം രൂപ അനുവദിച്ചതായി പിതാവ് സഹദേവൻ പറഞ്ഞു. ഈ 30 വർഷക്കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാർ 60000 രൂപ അനുവദിച്ചു തന്നതൊഴിച്ചാൽ മറ്റാനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലത്രേ.
നട്ടെല്ലു തകർന്നതിനെത്തുടർന്ന് അരയ്ക്കുതാഴെ തളർന്ന രാജന് വൃക്കസംന്പന്ധമായ പ്രശ്നങ്ങളുമുണ്ട്. സ്പർശനശേഷി നഷ്ടപ്പെട്ടതിനെത്തുടർന്ന് വേദനയറിയാത്ത അവസ്ഥയായതിനാൽ വൃക്കയ്ക്ക് പഴുപ്പ് ബാധിച്ചത് യഥാസമയം അറിയാതിരുന്നതും വിനയായി. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗത്തിന്റെ ഗൗരവം മനസിലായത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രതിസന്ധി തരണം ചെയ്യാനായിട്ടില്ല.
ചെറിയ തോതിൽ വ്യാപാരംചെയ്തും കൂലിവേല ചെയ്തും കുടുംബം പോറ്റിയിരുന്ന പിതാവ് സഹദേവന് ഭാര്യകൂടി രോഗിയായതോടെ അതിനുമാവുന്നില്ല.
20 വർഷമായി സന്ധിവാതം ബാധിച്ച ഭാര്യയ്ക്കും ജോലിചെയ്യാനാകാത്ത സ്ഥിതിയായതോടെ കുടുംബത്തിന്റെ നില ഏറെ പരുങ്ങലിലുമായി. ഭാര്യയുടെയും മകന്റെയും ദൈനംദിന കാര്യങ്ങൾ നടത്തിയശേഷം സഹദേവന് കൂലിപ്പണി ചെയ്യാൻപോലും സമയം കിട്ടുന്നില്ല. ഇരുവർക്കുമായി പ്രതിമാസം 40,000 ത്തോളം രൂപ മരുന്നുകൾക്കുൾപ്പെടെ ചെലവു വരും.
രാജനെ കോളജിൽ പഠിപ്പിച്ച ചില അധ്യാപകരുടെയും സഹപാഠികളുടെയും സഹായഹസ്തങ്ങളാണ് രാജനെയും കുടുംബത്തേയും സംരക്ഷിച്ചുനിർത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ കരുണതേടി അപേക്ഷയും നൽകി കാത്തിരിക്കുകയാണ് തങ്ങളെന്ന് സഹദേവൻ പറഞ്ഞു.