ദുരന്തത്തില്‍ മുറികള്‍ തകര്‍ന്ന വീട്, കൈക്കൂലി കൊടുക്കാത്തതിനാല്‍ ഒരു സഹായവും കിട്ടിയില്ല, അതിന് പണമുണ്ടാക്കാന്‍ വൃക്ക വില്പനയ്ക്ക്’ പ്രളയം വരുത്തിയ ദുരിതത്തില്‍നിന്നു കരകയറാന്‍ ഗൃഹനാഥന്‍ സ്വന്തം കൈപ്പടയില്‍ വീടിനു മുകളില്‍ എഴുതിവച്ചിരിക്കുന്ന വാചകങ്ങളാണിവ.
പ്രളയദുരിതത്തിനിരയായ ഇടുക്കി ജില്ലയിലുള്ളവര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍കാഴ്ചയാണിത്. അടിമാലി വെള്ളത്തൂവല്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിക്കുന്ന തണ്ണിക്കോട്ട് ജോസഫാണ് തന്റെ വീടിനു മുകളില്‍ വൃക്ക വില്‍ക്കാനുണ്ടെന്ന് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വെള്ളത്തൂവല്‍ ടൗണിനു സമീപം നാല്‍പ്പതു സെന്റ് സ്ഥലവും നാലുമുറികളോടുകൂടിയ വീടുമാണ് ഇദ്ദേഹത്തിനു സ്വന്തമായുള്ളത്. മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ വീടിന്റെ മൂന്നു മുറികളും വാടകയ്ക്കു നല്‍കി ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് രോഗിയായ ജോസഫും ഭാര്യയും കഴിഞ്ഞുവന്നിരുന്നത്. 25 വര്‍ഷമായി ഈ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് കഴിഞ്ഞ ഓഗസ്റ്റ് 15നുണ്ടായ കനത്തമഴയില്‍ മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നത്. ഇതോടെ ഇവരുടെ വരുമാന മാര്‍ഗവും നിലച്ചു.
വീട് പുനര്‍നിര്‍മിക്കാനുള്ള സാന്പത്തിക സഹായത്തിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ലെന്ന് ജോസഫ് പറയുന്നു. എന്നാല്‍ എല്ലാവരും കൈമലര്‍ത്തി. ഇതോടെയാണ് വൃക്കവിറ്റ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ജോസഫ് തീരുമാനിച്ചത്. കൈക്കൂലി നല്‍കാത്തതിനാലാണ് തനിക്ക് സഹായം നിഷേധിച്ചതെന്നും ഇദ്ദേഹം പറയുന്നു.
നാല്‍പതു സെന്റ് സ്ഥലം കൈവശമുണ്ടെങ്കിലും പുരയിടത്തിനു പട്ടയം ലഭിച്ചിട്ടില്ല. രണ്ടുപെണ്‍മക്കളെ നേരത്തെതന്നെ വിവാഹം ചെയ്തയച്ചു. ഭാര്യയുടെ സ്വര്‍ണം വിറ്റുകിട്ടിയ 60,000 രൂപ ചെലവഴിച്ചാണു വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തത്. വീടിനകത്ത് ഇപ്പോഴും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടപ്പുണ്ട്. ഇടിഞ്ഞുകിടക്കുന്ന വീടിന്റെ പിന്‍ഭാഗത്തെ മുറിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തിലും പങ്കാളിയായിട്ടുണ്ട്.