
അടിമാലി: സർക്കാർ നിയന്ത്രണങ്ങൾ അവഗണിച്ച് അധികൃതരുടെ കണ്മുന്നിലൂടെ നിരവധി വിദേശികൾ യഥേഷ്ടം യാത്രചെയ്യുന്നു.
ഇന്നലെ അടിമാലി വഴിക്ക് കെ എസ്ആർടിസി ബസിൽ യാത്രചെയ്ത് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കടന്നുപോയത് പത്തിലേറെ വിദേശീയരാണ്.
എറണാകുളത്തുനിന്നും മൂന്നാർ, സേനാപതി റൂട്ടിലോടുന്ന ബസുകളിൽ യാത്ര ചെയ്തെത്തിയ സ്ത്രീകളടങ്ങുന്ന സംഘം ബസ് സ്റ്റാൻഡിലിറങ്ങി കടകളിൽനിന്ന് സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്.
ഇന്നലെ രാവിലെ എട്ടു പേരടങ്ങുന്ന സംഘവും ഉച്ചകഴിഞ്ഞ് രണ്ടുപേരുമാണെത്തിയത്. ഇവർ എവിടെനിന്നുമാണ് എത്തിയതെന്നോ, എപ്പോഴാണെത്തിയതെന്നോ അറിയില്ല.
മൂന്നാറിൽ ടീ കൗണ്ടി റിസോർട്ടിൽനിന്നും കൊറോണ ബാധിതരായവർ രക്ഷപ്പെട്ടെന്ന വാർത്ത വരുന്നതിനിടെയാണ് വിദേശികൾ നിയന്ത്രണങ്ങളില്ലാതെ തലങ്ങും വിലങ്ങും യാത്രചെയ്യുന്നത്.
എറണാകുളത്തുനിന്നും കെ എസ്ആർടിസി ബസിൽ മറ്റു യാത്രക്കാർക്കൊപ്പമിരുന്ന് പ്രധാന ടൗണുകളെല്ലാം കടന്ന് നൂറിലേറെ കിലോമീറ്റർ യാത്രചെയ്താണ് ഇവർ ജില്ലയിലെത്തിയത്.