അടിമാലി: അടിമാലി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ഏതാനും മാസംമുന്പായിരുന്നു ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഒന്നിനുപിറകെ ഒന്നായി ലൈറ്റുകൾ പണിമുടക്കിയതോടെ ബസ് സ്റ്റാൻഡുൾപ്പെടുന്ന അടിമാലി ടൗണ്‍ രാത്രിയിൽ കൂരിരുട്ടിലായി.
നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യങ്ങൾക്കൊടുവിലായിരുന്നു പഞ്ചായത്ത് അടിമാലി ബസ് സ്റ്റാൻഡിലും സെൻട്രൽ ജംഗ്ഷനിലും മാർക്കറ്റ് ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
ലൈറ്റുകൾ സ്ഥാപിച്ചതുമുതൽ പലതവണ അവ പ്രകാശിക്കുന്നില്ലെന്ന് പരാതി ഉയരുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന പരാതി ഉണ്ടായിരിക്കുന്നത്.
ലെറ്റുകൾ പ്രകാശിക്കുന്നില്ലെന്ന പരാതി ഉയരുന്പോൾ പഞ്ചായത്ത് വേണ്ടവിധത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ലൈറ്റുകൾ പ്രവർത്തനരഹിതമാകാനുള്ള കാരണം. ഹൈമാസ്റ്റ്് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമുന്‍പ് ടൗണിൽ സെൻട്രൽ ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻവരെ ഉയരംകുറഞ്ഞ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ അഭാവംമൂലം കാലാന്തരത്തിൽ അവ നശിച്ചതിനുശേഷമായിരുന്നു ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
രാത്രിയിൽ മൂന്നാറിലേക്കെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ഇടത്താവളമായി ഇറങ്ങി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയുംചെയ്യുന്ന ഇടമാണ് അടിമാലി. രാത്രിയിലെ കൂരിരുട്ട് പലപ്പോഴും ഇവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിമാലി മേഖലയിൽ മോഷണം വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകളുമുണ്ട്.