അടിമാലി: അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ കണ്ണിൽനിന്നും ഇനിയും കണ്ണീരൊ ഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാത്രിയിലായിരുന്നു അടിമാലി എട്ടുമുറിയിലുണ്ടായ മണ്ണിടിച്ചിൽ ഹസൻകുട്ടിക്കൊപ്പം വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെയും മകന്റെയും മകന്റെ ഭാര്യയുടെയും രണ്ടു പേരക്കുട്ടികളുടെയും ജീവനുകൾ കവർന്നത്.
ഉറ്റവരുടെ ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതം ഇനിയും ഈ വയോധികന്റെ കണ്ണുകളിൽനിന്നും മാഞ്ഞിട്ടില്ല. വിധിയെന്നാശ്വസിച്ച് ജീവിതം മുന്പോട്ടു കൊണ്ടുപോകുന്പോൾ വേണ്ടരീതിയിലുള്ള സഹായം സർക്കാരിന്റെ ഭാഗത്തുനിന്നും കിട്ടിയില്ലെന്നാണ് ഹസൻകുട്ടിക്കിന്നും പറയാനുള്ളത്.
ഉരുൾപൊട്ടലല്ല മനുഷ്യനിർമിത ദുരന്തമായിരുന്നു തന്റെ കുടുംബത്തെ ഇല്ലാതാക്കിയതെന്ന് ഹസൻകുട്ടി നൊന്പരത്തോടെ ഓർക്കുന്നു. അശാസ്ത്രീയ നിർമാണത്തെതുടർന്ന് ഇടിഞ്ഞെത്തിയ കോണ്ക്രീറ്റ് പാളികളാണ് ദുരന്തം വരുത്തിയതെന്ന് ഹസൻകുട്ടി ആവർത്തിക്കുന്നു. ദുരന്തത്തെതുടർന്ന്് വീടും സ്ഥലവും ബന്ധപ്പെട്ടവർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മകന്റെ പേരിൽ വീടുണ്ടെന്ന് തൊടുന്യായം നിരത്തി ഹസൻകുട്ടിയെ ഇപ്പോഴും പരിഗണനയ്ക്കു പുറത്തു നിർത്തിയിരിക്കുകയാണ്.
ഇടതുകാലിന് ഗുരുതര പരിക്കേറ്റ ഹസൻകുട്ടിക്ക് ചികി ത്സാ ഇനത്തിൽമാത്രം 11 ലക്ഷം രൂപ ചെലവായി. ചികിത്സാ സഹായമായി ലഭിച്ചതാകട്ടെ ഒരുലക്ഷം രൂപ മാത്രം. മരിച്ചവർക്കായി സർക്കാർ പ്രഖ്യാപിച്ച നാലുലക്ഷം രൂപവീതം കൃത്യമായി ലഭിച്ചു.
മകന്റെ ബാധ്യതകൾ ചിലത് തീർത്തതിനൊപ്പം മരുമകൾ ഷെമിനായുടെ മാതാപിതാക്കൾക്കും ഒരു വിഹിതം നൽകി. ഇനിയും കടങ്ങൾ ഏറെയുണ്ട്.നഷ്ടമായ വീടിനുപകരം മറ്റൊന്ന്് ലഭിക്കണം, ചികിത്സയ്ക്ക് ചെലവായ തുകയിൽ കുറച്ചെങ്കിലും ലഭിക്കുകയും വേണമെന്നാണ് ഹസൻകുട്ടിയുടെ ആവശ്യം.