അടിമാലി: ഹണി ട്രാപ്പിലൂടെ പണം തട്ടിയതുമായി ബന്ധപ്പെട്ട് അടിമാലിയിൽ പിടിയിലായവർ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് മുൻകാല പരിചയമുള്ളവർ. പിടിയിലായ ലതാദേവിയെ ഉപയോഗിച്ച് മുൻപ് പോസ്റ്റുമാനെയും കെഎസ്്ഇബി കരാറുകാരനെയും പ്രതികൾ ഹണിട്രാപ്പിൽ കുടുക്കിയിരുന്നു.
പലരുടെയും കുടുംബബന്ധം പോലും തകരാറിലാക്കുന്ന രീതിയിലായിരുന്നു പ്രതികളുടെ നീക്കം. കഴിഞ്ഞ ദിവസം പിടിയിലായ ഇരുന്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ ഷൈജനെ(43) കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ ഉപേക്ഷിച്ച് പോയതോടെയാണ് കേസിലെ പ്രതിയായ ലതാദേവിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് വ്യക്തമായി.
ഇരുവരും ചേർന്ന് നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ബെന്നി മാത്യുവുമായി പരിചയത്തിലായതോടെ പണം കൈവശപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ രൂപവും ഭാവവും മൂന്നു പേരും ചേർന്നാണ് തയാറാക്കിയിരുന്നത്.
പീഡനകേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾ പോലീസ് പിടിയിലാവുന്നത് ഇത് രണ്ടാം തവണയാണ്. കെഎസ്്ഇബി കരാറുകാരൻ ജോലിയെടുക്കുന്ന സ്ഥലവും ഇയാളുടെ യാത്രയും മനസിലാക്കിയാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.
കരാറുകാരൻ ജീപ്പിൽ ജോലി സ്ഥലത്തുനിന്നു മടങ്ങവെ വഴിയിൽ കാത്തുനിന്നിരുന്ന ലതാദേവി കൈകാണിച്ച് വാഹനം നിർത്തിച്ചു. രോഗിയായി അഭിനയിച്ച് അടുത്ത ജംഗ്ഷൻ വരെ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ജീപ്പിൽ കയറാൻ അനുമതി ലഭിച്ചതോടെ യാത്രയിൽ തന്ത്രപൂർവം ഇരുവരുമൊത്തുള്ള ഫോട്ടോയും ലതാദേവി തരപ്പെടുത്തി.
വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്നും സജീവൻ എന്നാണ് പേരെന്നും വെളിപ്പെടുത്തി പ്രതി ഷൈജൻ കരാറുകാരനെ ഫോണിൽ വിളിച്ചാണ് തുക ആവശ്യപ്പെട്ടത്.ആദിവാസി യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലെങ്കിൽ കേസാക്കുമെന്നുമായിരുന്നു ഭീഷണി.
ഇതെത്തുടർന്ന് ആദ്യപടിയായി 25000 രൂപ അഭിഭാഷകനായ ബെന്നി മാത്യുവിന്റെ ഓഫീസിലെത്തിക്കുകയായിരുന്നു. പിന്നീട് കരാറുകാരൻ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ഷൈജൻ ആണെന്നും പിന്നിൽ ബെന്നി മാത്യുവാണെന്നും വ്യക്തമായി. ഇതെത്തുടർന്ന് പണം ആവശ്യപ്പെട്ട് പിന്നീട് വന്ന ഫോണ്കോളുകൾ ഇയാൾ അവഗണിക്കുകയായിരുന്നു.
ഷൈജന്റെ മദ്യപാനശീലത്തിൽ മനംമടുത്താണ് ഭാര്യ ഉപേക്ഷിച്ച് പോയത്. പിന്നീട് ലതാദേവിയുമായുള്ള സൗഹൃദം തട്ടിപ്പിനായി ഷൈജൻ ഉപയോഗപ്പെടുത്തുകയായിരുന്നു.
ഇവരോടൊപ്പം ബെന്നി മാത്യു കൂടി ചേർന്നതോടെ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത് ഇയാളായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സംഭവത്തിൽ തനിക്ക് കാര്യമായ ബന്ധമില്ലെന്നും ഷൈജനാണ് പണം തട്ടിയെടുക്കുന്നതിന് നേതൃത്വം നൽകിയതെന്നും മറ്റുമാണ് കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെന്നി മാത്യു പോലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
ഒരു വർഷം മുന്പ് പോസ്റ്റുമാനെ പീഡനക്കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ആദ്യം ഷൈജനും ലതാദേവിയും പിടിയിലായത്. കുട്ടികളെ സംരക്ഷിക്കാതിരിക്കുക, കഞ്ചാവ് ,വ്യാജച്ചാരായം എന്നിവ വിൽപ്പന നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടുക,അടിപിടി എന്നിവയടക്കം അടിമാലി പോലീസിൽ ഷൈജന്റെ പേരിൽ ഒൻപതു കേസുകളുണ്ട്.
ലതാദേവിയെ ഉപയോഗപ്പെടുത്തി ഷൈജനും കൂട്ടാളികളും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാണക്കേട് ഭയന്നാണ് ഇവരിൽ പലരും നിയമനടപടിക്കു മുതിരാത്തതെന്നാണ് പോലീസ് പറയുന്നത്.
ഭീഷണിപ്പെടുത്തി പണം വാങ്ങിയവരുമായി ബന്ധപ്പെട്ട് പ്രതികളുടെ അടുപ്പക്കാർ ഒത്തുതീർപ്പിന് ശ്രമം നടത്തുന്നതായും പോലീസിനു വിവരം ലഭിച്ചു.
കൂടുക്കുന്നതിനു കൂലി..
ഇരയെ കുടുക്കുന്നതിനുള്ള ആദ്യശ്രമം നടത്തി പിരിയുന്പോൾ ഷൈജൻ ആയിരമോ രണ്ടായിരമോ നൽകുമെന്നും പിന്നെ കാണുന്പോഴെല്ലാം ചെറിയ തുകകൾ നൽകുമായിരുന്നെന്നും ലതാദേവി പോലീസിന് മൊഴി നൽകി. തട്ടിപ്പിന് ഇരയായവർ അഭിഭാഷകനെയാണ് പണം ഏൽപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തട്ടിപ്പിൽ ലഭിച്ച പണത്തിൽ ഭൂരിഭാഗവും ബെന്നി മാത്യുവും ഷൈജനുമാണ് കൈകാര്യം ചെയ്തിരുന്നത്. കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ ജോയിയുടെ ഭാര്യയാണ് ലതാദേവി. ഇവർ ചാറ്റുപാറ ആദിവാസി കോളനിയിലാണ് മുന്പ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
പീഡന ഭീഷണിയ്ക്ക് ആദിവാസി പരിവേഷം കൂടി നൽകിയാണ് സംഘം തട്ടിപ്പ് കൊഴുപ്പിച്ചിരുന്നത്. ഇവരോടൊപ്പം പിടിയിലായ പടിക്കപ്പ് തവാട്ടാത്ത് ഷമീർ എന്നുവിളിക്കുന്ന മുഹമ്മദിന്റെ വാഹനത്തിലാണ് പ്രതികൾ വ്യാപാരിയെ തട്ടിക്കൊണ്ടു പോയത്.
കേസിൽ പിടിയിലായ ബെന്നി മാത്യുവിന് ഉപാധികളോടെ കോടതി ജാാമ്യം അനുവദിച്ചിരുന്നു. എന്നാൽ സമാന കേസിൽ വിണ്ടും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.