അടിമാലി: അടിമാലിയിൽ ഗതാഗത തിരക്ക്. നിരോധനാജ്ഞ നിലനില്ക്കുന്ന മൂന്നാർ മേഖലയിൽനിന്ന് ഒട്ടേറെപേർ എത്തുന്നത് അടിമാലിയിൽ തിരക്ക് വർധിക്കുവാൻ കാരണമായി.
ലോക് ഡൗണിന് ഇളവ് ലഭിച്ചതോടെ പോലീസ് പരിശോധന പേരിനുമാത്രമാണ്. അതിനാൽ നിയന്ത്രണങ്ങളെ പേടിക്കാതെ ആർക്കും വാഹനവുമായി അടിമാലിയിൽ എത്താമെന്ന സ്ഥിതിയാണിപ്പോൾ.
അടിമാലി സെൻട്രൽ ജംഗ്ഷൻ കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോൾ പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്. അതിനാൽ സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങളുടെ തിരക്ക് കുറവാണ്.
എന്നാൽ കല്ലാർകൂട്ടി റോഡ്, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളില്ലാതെയാണ് ജനങ്ങൾ വാഹനങ്ങളിൽ എത്തുന്നത്.ഇവിടേക്ക് തമിഴ്നാട്ടിൽനിന്നും വരുന്ന പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളിൽ വേണ്ടത്ര പരിശോധനകളും നടക്കുന്നില്ല.
അടിമാലി താലൂക്ക് ആശുപത്രിയിൽ നിയന്ത്രണങ്ങൾ മറികടന്ന് എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇവിടെ പോലീസ് സ്ഥാപിച്ച ട്രാഫിക് നിയന്ത്രണം വാഹന ഉടമകൾ എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരേ ഡോക്ടർമാരുടെ പ്രതിഷേധം ആരും വകവയ്ക്കുന്നില്ല.