കറുകച്ചാൽ: പോലീസ് സ്റ്റേഷനു മുന്നിൽ ഏറ്റുമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പോലീസ് സ്റ്റേഷനാണെന്നറിയാതെയായിരുന്നു അടിയും ബഹളവും. ഒടുവിൽ പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കുടുങ്ങി. കറുകച്ചാലിലാണ് സംഭവം. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് വാഴൂർ റോഡിൽ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു നാലു തൊഴിലാളികൾ ഏറ്റമുട്ടിയത്. തെങ്ങണയിൽ കെട്ടിടം നിർമാണത്തിനായി എത്തിയ ബീഹാർ സ്വദേശികളായ വിവേക് (21), കൃഷ്ണൻ (19), അതുൽ (20), പസ്വാൻ (19) എന്നിവരാണ് റോഡിനു നടുവിൽ ഏറ്റുമുട്ടിയത്. നാലുപേരും കറുകച്ചാൽ ബിവറേജസിൽ നിന്നും മദ്യം വാങ്ങാനായി എത്തിയതായിരുന്നു.
മദ്യം വാങ്ങിയ ശേഷം പണത്തെ ചൊല്ലിയായിരുന്നു തർക്കം. റോഡിലൂടെ ബഹളം വച്ചെത്തിയ ഇവർ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയതോടെ പരസ്പരം തമ്മിലടിക്കുകയായിരുന്നു.പോലീസ് സ്റ്റേഷനു മുന്നിലെ കൂട്ടയടിയറിഞ്ഞാണ് പോലീസ് എത്തിയത്. അപ്പോഴാണ് പോലീസ് സ്റ്റേഷന്റ മുൻവശത്താണ് തങ്ങൾ നിൽക്കുന്നതെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മനസിലാക്കിയത്. ഇതോടെ ഇവർ ചിതറിയോടി.
രണ്ടു പേർ ചങ്ങനാശേരി ഭാഗത്തേക്ക് പോകാനെത്തിയ ബസിൽ ചാടിക്കയറി. സംഭവത്തിൽ പന്തികേട് തോന്നിയതോടെ ഡ്രൈവർ ബസ് നിർത്തി. ഈ സമയം മറ്റു രണ്ടു പേർ കറുകച്ചാൽ പഞ്ചായത്ത് മാർക്കറ്റിലേക്ക് ഓടി. ഇവർ മാർക്കറ്റിനുള്ളിലെ കംഫർട്ട് സ്റ്റേഷനുള്ളിലെ ശുചിമുറികളിൽ ഒളിച്ചു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പൊതു സ്ഥലത്ത് അടിപിടി കൂടിയതിന് കേസെടുത്തശേഷം ഇവരെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.