മട്ടന്നൂർ: പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി മട്ടന്നൂരിൽ സംഘർഷം. മൂന്ന് ബൈക്കുകൾ തകർത്തു. ഞായറാഴ്ച പുലർച്ചെ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. ബസ്സ്റ്റാൻഡിൽ വച്ചു പടക്കം പൊട്ടിക്കുന്നതിനിടെ ഏതാനും പേർ ഇരുവിഭാഗങ്ങളായി തിരിഞ്ഞു അക്രമം നടത്തുകയായിരുന്നു.
പരസ്പരം കല്ലേറ് നടത്തുകയും ഒരു കടയുടെ മുൻഭാഗത്തു വച്ച സോഡാ കുപ്പികൾ റോഡിലേക്ക് വലിച്ചിടുകയും ചെയ്തു. ഇതിനിടെ മൂന്ന് ബൈക്കുകൾ തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് സംഘർഷമുണ്ടാക്കിയവരെ ലാത്തി വീശിയോടിച്ചു.
തകർന്ന ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ആരെയും പിടികൂടാനായില്ല. അക്രമികളെക്കുറിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.