പത്തനാപുരം: ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി മാര്‍ച്ചിനിടെ കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനം. കോണ്‍ഗ്രസ് പത്തനാപുരം മണ്ഡലം വൈസ് പ്രസിഡന്റായ ഇളപ്പുപാറ പുതുപ്പറമ്പില്‍ വീട്ടില്‍ അനില്‍കുമാറി(38)നാണ് മര്‍ദനമേറ്റത്.
ഐഎന്‍ടിയുസി പത്തനാപുരം റീജിണല്‍ പ്രസിഡന്റ് നടുക്കുന്നില്‍ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് അനില്‍കുമാര്‍ പറഞ്ഞു. മര്‍ദനത്തില്‍ കാലിനും കൈയ്ക്കും പരിക്കേറ്റ അനില്‍ കുമാര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലുറപ്പ് പദ്ധതി അട്ടമറിക്കുകയാണെന്നാരോപിച്ച് ഐഎന്‍ടിയുസി നടത്തിയ പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെയാണ് സംഭവം.
പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറായ അനില്‍കുമാര്‍ ഓട്ടത്തിനായി പത്തനാപുരം ജംഗ്ഷനിലേക്ക് പോയപ്പോള്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നു. കോണ്ഗ്രസുകാരാനായ തനിക്ക് തന്നെ ഇത്തരം ഒരു അനുഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് അദേഹം .
സംഭവത്തില്‍ ഐഎന്‍ടിയുസി പത്തനാപുരം പ്രസിഡന്റ് നടുക്കുന്നില്‍ നൗഷാദിനെതിരെ പത്തനാപുരം പോലീസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിനും അനില്‍കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.