കോട്ടയം: വനിതകൾ തമ്മിൽ ഗാന്ധിനഗർ പെട്രോൾ പന്പിൽ ഉണ്ടായ വാക്കുതർക്കവും അടിപിടിയും പോലീസ് സ്റ്റേഷനിൽ ഒത്തു തീർന്നു. സ്കൂട്ടറിൽ പെട്രോൾ വാങ്ങാൻ എത്തിയ വീട്ടമ്മ രണ്ടു വനിതാ ജീവനക്കാരികളെ മർദിച്ചെന്നായിരുന്നു പരാതി. അതേ സമയം ജീവനക്കാർ തന്നെ കൈയ്യേറ്റം ചെയ്തെന്ന് വീട്ടമ്മയും പരാതി നല്കിയിരുന്നു.
ഇരുകൂട്ടരെയും ഇന്നു രാവിലെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് പ്രശ്നം ഒത്തു തീർത്തത്. രണ്ടു കൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ ഈ സംഭവത്തിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.
പന്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽ ആരെയും മർദിക്കുന്ന ദൃശ്യമില്ല. അതേ സമയം ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റവും മറ്റും ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പന്പിൽ പെട്രോൾ അടിച്ചശേഷം, വീട്ടമ്മ പെട്രോളിൽ മായം ചേർന്നതാണെന്ന് ആരോപിച്ച് ജീവനക്കാരിയുമായി വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് ഇവരെ മർദിച്ചെന്നുമായിരുന്നു പരാതി.