കുമരകം: ബാറിലുണ്ടായ സംഘർഷത്തെ തുടർന്നു കുമരകത്ത് രണ്ടു വീടുകൾ അടിച്ചു തകർത്തു. അഞ്ചു പേർക്കു പരിക്ക്. ബിജെപി പ്രവർത്തകരായ കുമരകം കറുകമറ്റത്തിൽ കൊച്ചുമോൻ, ആശാരിമറ്റം കോളനിയിൽ വിഷ്ണു എന്നിവരുടെ വീടുകളാണ് ഒരു സംഘം ഇന്നു പുലർച്ചെയോടെ അടിച്ചു തകർത്തത്.
കൊച്ചുമോൻ ഇയാളുടെ ബന്ധുവും വാരയനാട് കോക്കോതമംഗലം മാക്കിൽകടയിൽ മനോജ് ലാൽ (43), മനോജിന്റെ ഭാര്യ രാജി, വിഷ്ണു, ഡിവൈഎഫ്ഐ പ്രവർത്തകനായ കുമരകം വളപ്പിൽ ശരത്കുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്.
ശരത്കുമാർ, മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും കൊച്ചുമോൻ, വിഷ്ണു എന്നിവരെ എന്നിവരെ ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയിൽ കുമരകത്ത് ബാറിൽ വച്ചു മദ്യപാനത്തിനിടയിൽ രണ്ടു സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. പീന്നിട് ഇന്നു പുലർച്ചെ ചക്രംപടി പാലത്തിലാണ് ആദ്യം ഏറ്റുമൂട്ടലുണ്ടായത്. ഇവിടെ വച്ചാണു ശരത്കുമാറിനു മർദനമേറ്റത്.
ഇയാളെ മടൽ ഉപയോഗിച്ചാണു ഒരു സംഘം മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരം തീർക്കാനാണ് കൊച്ചുമോന്റെയും വിഷ്ണുവിന്റെ വീടുകൾ അടിച്ചു തകർത്തത്. ഇതിനിടയിലാണ് കൊച്ചുമോന്റെ വീട്ടിൽ വിരുന്നിനെത്തിയ മനോജിനും ഭാര്യ രാജിയ്ക്കും മർദനമമേറ്റത്.
പ്രദേശത്ത് മുന്പു സിപിഎം ബിജെപി സംഘർഷം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.