പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ അടിപിടിയെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പട്ടികവർഗ വിഭാഗക്കാരായ യുവാക്കളെ എസ്ഐയുടെ നേതൃത്വത്തിൽ നിർബന്ധമായി തല മൊട്ടയടിപ്പിച്ച സംഭവത്തിൽ എസ്ഐ യെ സ്ഥലം മാറ്റി. മീനാക്ഷിപുരം എസ്ഐ ആർ.വിനോദിനെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പാലക്കാട് എആർ ക്യാന്പിലേക്കാണ് സ്ഥലംമാറ്റിയത്.
മീനാക്ഷിപുരം രാമപർണൈ ക്ഷേത്രത്തിലെ കന്നിമാസ ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തി. ഇതിൽ മീനാക്ഷിപുരം മുരുകേശന്റെ മകൻ മണികണ്ഠൻ (17), രവിചന്ദ്രന്റെ മകൻ ശബരീശ്വരൻ (20), വേലായുധന്റെ മകൻ മണി (24) എന്നിവർക്കു പരിക്കേറ്റു. സ്ഥലത്തെത്തിയ മീനാക്ഷിപുരം എസ്ഐയും സംഘവും സംഭവവുമായി ബന്ധപ്പെട്ടു നിധീഷിനെയും സഞ്ജയിനെയും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിയ എസ്ഐ യുവാക്കളോടു നീട്ടിവളർത്തിയ തലമുടിവെട്ടാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഇതിനു തയാറായില്ല. തുടർന്നു പോലീസ് ജീപ്പിൽ ബാർബർ ഷോപ്പിലേക്കു കൊണ്ടുപോയി നിർബന്ധപൂർവം തല മൊട്ടയടിപ്പിച്ചു. തുടർന്നു രക്ഷിതാക്കൾ സ്റ്റേഷനിലെത്തിയശേഷമാണ് രണ്ടുപേരെയും വിട്ടയച്ചത്.
രണ്ടുദിവസത്തിനകം വിശദമായ റിപ്പോർട്ട് നല്കാൻ പോലീസ് മേധാവി അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പിക്കു നിർദേശം നല്കി.
സ്ത്രീകളോടു അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായതെന്നു ക്ഷേത്രം ഭാരവാഹി കെ.പി.കാളീശ്വരൻ പറഞ്ഞു. ഇതു സംബന്ധിച്ച പരാതിയിലാണ് യുവാക്കളെ സ്റ്റേഷനിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സദുദ്ദേശ്യപരമായാണ് മുടിവെട്ടാൻ യുവാക്കളോട് ആവശ്യപ്പെട്ടതെന്ന് എസ്ഐ പറഞ്ഞു. യുവാക്കളുടെ പ്രായം പരിഗണിച്ച് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. എന്നാൽ മുടി നീട്ടിവളർത്തി മുഖം തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതിന് നിർബന്ധിച്ചിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.