വെമ്പായം: ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ക്രഷർ യൂണിറ്റ് മാനേജ്മെന്റ് അംഗങ്ങളും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെമ്പായം കറ്റ ക്രഷർ യൂണിറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നൂ സംഭവങ്ങളുടെ തുടക്കം.
ആക്രമണത്തിൽ വെമ്പായം സ്വദേശി ബിജു (53), കറ്റ സ്വദേശികളായ അനൂപ് (32), മനു (28), അജയൻ (55), മദപുരം സ്വദേശി ശ്യാംകൃഷ്ണ (26), വെമ്പായം സ്വദേശി റിയാസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവർ ചികിത്സ തേടി എത്തിയ കന്യാകുളങ്ങര ആശുപത്രിയിലും ഇരു സംഘങ്ങളും ഏറ്റു മുട്ടി. ക്രഷറിൽ രണ്ടാംഘട്ട ശമ്പള വിതരണത്തെ തുടർന്നുണ്ടായ തർക്കമാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലോക്ക് ഡൗൺ സമയത്ത് ക്രഷർ അടച്ചിട്ടിരുന്നു. അതിനു മുൻപ് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിരുന്നില്ല. പുതിയ മാനേജ്മെന്റ് ക്രഷർ തുറന്നു പ്രവർത്തനം തുടങ്ങാൻ എത്തിയതോടെയാണ് തർക്കം ആരംഭിക്കുന്നത്.
ലോക്ക് ഡൗണിനുമുമ്പ് ജോലി ചെയ്ത ശമ്പളം തരണമെന്ന് എന്ന പുതിയ മാനേജ്മെന്റിനോട് തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ തർക്കം നടക്കുകയും പിന്നീട് തൊഴിലാളികളും മാനേജ്മെന്റ് പ്രതിനിധികളും
ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ച നടക്കുകയും 22 ദിവസത്തെ ശമ്പളം നൽകാമെന്ന് മാനേജ്മെന്റ് സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 15ദിവസത്തെ ശമ്പളം കഴിഞ്ഞ ആഴ്ച തൊഴിലാളികൾക്ക് നൽകിയിരുന്നു.
തുടർന്നുള്ള ഏഴു ദിവസത്തെ ശമ്പളം ബുധനാഴ്ച ഉച്ചയ്ക്ക് കൊടുക്കാം എന്ന് തൊഴിലാളികളോട് മാനേജ്മെന്റ് പറയുകയും ഇതനുസരിച്ച് തൊഴിലാളികൾ ക്രഷറിൽ എത്തുകയും ചെയ്തു. ശമ്പളം വാങ്ങാനെത്തിയ തൊഴിലാളികളിൽ ചിലർക്ക് ശമ്പളം നൽകാൻ കഴിയില്ല എന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞതോടെയാണ് തർക്കം ഉണ്ടാകുന്നത്.
വാക്കേറ്റത്തെ തുടർന്ന് മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും ആളുകൾക്ക് പരിക്കു പറ്റുകയും പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആശുപത്രിയിൽ വച്ചു ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ആശുപത്രിയിലെത്തിയ അക്രമികൾ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇരുകൂട്ടർക്കും എതിരെയും കേസെടുക്കുമെന്ന് എന്ന വട്ടപ്പാറ സിഐ ബിനുകുമാർ പറഞ്ഞു.