അങ്കമാലി: ദുരിതാശ്വാസപ്രവർത്തനത്തിനിടെ അഴിമതി നടത്തിയതായി ആരോപിച്ച് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയിൽ തമ്മിലടി. വെള്ളം ഇറങ്ങിത്തീരുംമുൻപേ വെള്ളപ്പൊക്ക ദുരിതാശ്വസക്യാന്പിലെ പ്രവർത്തനങ്ങളെച്ചൊല്ലിയാണ് അഴിമതി ആരോപണം. എൽഡിഎഫ് ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ ഇന്നലെ നടന്ന അടിയന്തര കമ്മിറ്റിയാണ് ബഹളത്തിൽ കലാശിച്ചത്. രണ്ട് വനിതാ അംഗങ്ങൾ ആശുപത്രിയിലായി.
ദുരിതാശ ്വാസ ത്തിന്റെ മറവിൽ സിപിഎം നടത്തിയ അഴിമതി അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. ഇന്നലെ അടിയന്തര യോഗം വിളിച്ചപ്പോൾ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ചർച്ചക്കെടുത്തതാണ് തർക്കത്തിനു കാരണം.
പഞ്ചായത്തിൽ രൂക്ഷമായ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന വാർഡുകളിലെ പ്രശ്നങ്ങളാണ് ചർച്ചചെയ്യേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങളായ ടി.ടി. പൗലോസ്, കെ.വി. സന്തോഷ്, ജിന്റോ വർഗീസ്, ടെസി പോളി, വിൻസി ജോയ് എന്നിവർ പ്രമേയം മൂലം ആവശ്യപ്പെട്ടു. പ്രമേയം ചർച്ച ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റ് വിസമ്മതിച്ചതോടെ വാക്കുതർക്കവും ബഹളവുമായി.
ഇതിനിടയിൽ പ്രതിപക്ഷ വനിതാഅംഗം വിൻസി ജോയി ബോധം കെട്ടു വീണു. ഭരണപക്ഷ അംഗം രാജി ബിനീഷും അവശയായി. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വെള്ളപ്പൊക്കം സംബന്ധിച്ച് പഞ്ചായത്തിൽ സർവകക്ഷിയോഗം ചേരാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഭരണസമിതി നടപടി എടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ദുരിതബാധിതർക്ക് ലഭിച്ച സാധനങ്ങൾ വെള്ളപ്പൊക്കം ബാധിക്കാത്ത വാർഡുകളിലേക്ക് മാറ്റാൻ ശ്രമം നടത്തുന്നു, പഞ്ചായത്ത് പ്രസിഡന്റും ചില അംഗങ്ങളും വെള്ളപ്പൊക്കത്തിന്റെ പേരിൽ പിരിവെടുത്തു, ഒരു വിദേശകമ്പനി ക്യാന്പിൽ വിതരണത്തിനു കൊടുത്തുവിട്ട 200 ചാക്ക് അരി 80 ചാക്കായി കുറഞ്ഞു തുടങ്ങിയ ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
ധർണയിൽ മെന്പർമാരായ ടി.ടി. പൗലോസ്, കെ.വി. സന്തോഷ്, ജിന്റോ വർഗീസ്, ടെസി പോളി, കോൺഗ്രസ് നേതാക്കളായ ടി.എം. വർഗീസ്, ബി.വി. ജോസ് മാസ്റ്റർ, ജോയ് തളിയൻ ,സജയ് ജോൺ, പോളി പാലമറ്റം, കെ.പി. ജോസ്, കെ.പി. യോഹന്നാൻ, ദേവസിക്കുട്ടി പടയാട്ടി എന്നിവർ പങ്കെടുത്തു.