കാട്ടാക്കട: കാട്ടാക്കട പൂവച്ചലിലെ സ്കൂൾ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് പ്രതിക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം.
പ്രതി പ്രിയരഞ്ജൻ നാട്ടിലുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. പ്രതി പ്രിയരഞ്ജന് കൊല്ലപ്പെട്ട ആദി ശേഖറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ അരുൺ കുമാർ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊർജിതമാക്കി.
ആദി ശേഖറെന്ന പത്താം ക്ലാസുകാരനെ പ്രതി പ്രിയരജ്ഞൻ കാത്തു കിടന്ന് കാറിടിച്ചു കൊലപ്പെടുത്തിയത് ഓഗസ്റ്റ് 30നാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നത്.
അപകടത്തിന് അര മണിക്കൂർ മുമ്പ് കാർ സംഭവസ്ഥലത്തെത്തിയെന്ന് പോലീസ് വെളിപ്പെടുത്തി കൂട്ടുകാരുമൊത്ത് കളിക്കാനിറങ്ങിയ കുട്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മാറിയ അതേ നിമിഷം കാർ സ്റ്റാർട്ടാക്കിയ പ്രതി സൈക്കിളിലിരുന്ന ആദി ശേഖറിനെ ഇടിച്ച് തെറിപ്പിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ വൈരാഗ്യം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.ഏപ്രിലിൽ കുട്ടിയും പ്രതിയും തമ്മിൽ തർക്കമുണ്ടായി.
ആദി ശേഖറിന്റെ കുടുംബക്ഷേത്രത്തിന് സമീപം പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തെന്നും അത് വൈരാഗ്യത്തിന് കാരണമായെന്നുമാണ് കുടുംബം പറയുന്നത്.
വിഷയം പ്രതിയുമായി താൻ സംസാരിച്ചപ്പോൾ കുട്ടിയെ അപകടപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയെന്നും അച്ഛൻ അരുൺകുമാർ പറഞ്ഞു. പ്രതിയെ ഭയപ്പെട്ടിരുന്നതിനാൽ പ്രതിയുടെ സാന്നിധ്യം കുട്ടി ഒഴിവാക്കിയിരുന്നെന്നും അച്ഛൻ പറഞ്ഞു.
പ്രതി സംഭവം കഴിഞ്ഞ് 11 ദിവസമായി ഒളിവിലാണെന്നും പിടികൂടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ രക്ഷകർത്താക്കൾ പരാതി നൽകി.
ഭീഷണി ഉണ്ടായിരുന്നുവെന്നു ബന്ധുക്കൾ
കാട്ടാക്കട: ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം. കാറിടിച്ചതിന് മുന്നേ തന്നെ ഇയാൾ കൂട്ടിയോട് പ്രകോപനപരമായി സംസാരിച്ചിരുന്നു.
കുട്ടിയെ കണ്ടോളം എന്ന് ഭീഷണി മുഴക്കിയതായി ആദിശേഖറിന്റെ വല്യമ്മ പറഞ്ഞു. അതിനാൽ തന്നെ പേടിയിലായിരുന്നു കുട്ടിയെന്നും അവർ പോലീസിൽ മൊഴി നൽകി.
പ്രിയരഞ്ജൻ ഉപേക്ഷിച്ച ഇലക്ട്രിക് കാർ പേയാട് ഭാഗത്തുനിന്നു കണ്ടെത്തി. പ്രിയരഞ്ജന്റെ ഭാര്യ വിദേശത്താണ്. പൂവച്ചലിൽ സ്റ്റേഷനറി കട നടത്തിയിരുന്ന ഇയാൾ ഭാര്യ വിദേശത്ത് പോയതോടെ കട അടച്ചു.
തുടർന്ന് താമസം തലസ്ഥാനത്തേക്ക് മാറ്റി. സ്ഥിരമായി ഇയാൾ കാറിൽ പൂവച്ചൽ ഭാഗത്ത് വന്നുപോകുന്നുണ്ട്. മരണപ്പെട്ട ആദിശേഖറെ ഇടയ്ക്കിടയ്ക്ക് ഭീഷണിപ്പെടുത്താറുമുണ്ടതെ.
പ്രിയരഞ്ജൻ ക്ഷേത്രത്തോട് ചേർന്ന പറമ്പിൽ സ്ഥിരമായി മദ്യപിക്കുന്നതും, ക്ഷേത്രമതിലിൽ മൂത്രമൊഴിക്കുന്നതും ശ്രദ്ധയിൽപെട്ട ആദി പക്വതയോടെ പ്രതികരിച്ചതാണ് പ്രതികാരത്തിന് കാരണം എന്നാണ് വിവരം.
തിരുവനന്തപുരം നഗരത്തിൽ ഫ്ളാറ്റിൽ താമസിക്കുന്ന പ്രിയരഞ്ജൻ ഓണാവധിക്ക് നാട്ടിൽ വന്നതും കൊലപാതകശേഷം മുങ്ങിയതും സംശയം വർധിപ്പിക്കുന്നതായി നാട്ടുകാർ അന്ന് പരാതി പറഞ്ഞിരുന്നു.