പേരാമ്പ്ര: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യയാണ് (22) കഴിഞ്ഞ മാസം 20 ന് കായണ്ണ ചാലിൽ വീട്ടിൽ ആത്മഹത്യ ചെയ്തത്.
ഭർതൃവീട്ടുകാരുടെ കൊടിയ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കാൻ കാരണം. രണ്ടുവർഷം മുമ്പാണ് ദിപീഷും ആദിത്യയും തമ്മിലുള്ള പ്രണയ വിവാഹം നടക്കുന്നത്. ഒരു വയസ് കഴിഞ്ഞ ഒരു മകളും ഇവർക്ക് ഉണ്ട്.
ഭർതൃവീട്ടുകാർ സ്ത്രീധനത്തിനാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസിൽ നൽകിയ പരാതിയിലുണ്ട്. പല സമയങ്ങളിലും ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചെന്നും പറയുന്നു. മരിച്ച ദിവസം ഭർതൃവീട്ടുകാർ ആദിത്യയെ സ്വന്തം വീട്ടിലേക്ക് പണത്തിന് പറഞ്ഞയച്ചതായിരുന്നു. എന്നാൽ അവളുടെ വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതിനാൽ വീട്ടുകാരോട് പണത്തിന് ചോദിക്കാതെ അവൾ ഭർതൃവീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കമ്മിറ്റി രൂപീകരണ യോഗത്തിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാർഡ് അംഗം മുണ്ടോളി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മന്ത്രിക്കും വനിതാ കമ്മീഷനും പരാതി കൊടുക്കാൻ തീരുമാനിച്ചു. കമ്മിറ്റി ഭാരവാഹികൾ: മുണ്ടോളി ചന്ദ്രൻ (ചെയർമാന്) രാജേഷ് വയപ്പുറത്ത് (കൺവീനര്‍) ടി. കെ. പ്രസീദ് (ട്രഷറര്‍).