ദുൽഖർ സൽമാൻ, അദിതി റാവു, കാജൽ അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേയ് സിനാമിക എന്ന സിനിമ റിലീസിനൊരുങ്ങുമ്പോൾ മലയാള സിനിമാരംഗം രസകരമായ മറ്റൊരു ചർച്ചയിലാണ്.
ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു ഹൈദരിയെക്കുറിച്ചാണ് കൗതുകമുണർത്തുന്ന ചർച്ച.മമ്മൂട്ടിയുടെ നായികയായി 2006-ലാണ് അദിതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ് അദിതി. അങ്ങനെയെങ്കിൽ അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകരുടെ അന്വേഷണം.
പ്രജാപതിക്കു മുമ്പ് ശൃംഗാരം എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ.
മൂന്നു ദേശീയ പുരസ്കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്.പിന്നീട്, ബോളിവുഡിലും അദിതി സാന്നിധ്യമറിയിച്ചു.
ആദ്യ ചിത്രമായ ശൃംഗാരത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇത്രയും വർഷത്തിൽ അദിതിക്ക് സംഭവിച്ചിട്ടില്ല.
അത്തരമൊരു പശ്ചാത്തലത്തിലാണ് അദിതിയുടെ കരിയറും പ്രായവും ചർച്ചയാകുന്നത്. വിക്കിപീഡിയ പ്രകാരം അദിതിക്ക് പ്രായം 35 ആണ്.
എന്നാൽ കാഴ്ചയിലിപ്പോഴും ഇരുപതുകാരിയുടെ ലുക്കും ചുറുചുറുക്കുമാണെന്ന് ആരാധകർ പറയുന്നു. പ്രജാപതിക്കു ശേഷം അദിതി മലയാളത്തിലേക്ക് വീണ്ടുമെത്തിയത് 2020-ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു.
ഹേയ് സിനാമികയുടെ ദുൽഖറിന്റെ നായിക ആകുമ്പോൾ അച്ഛനും മകനുമൊപ്പം നായികാവേഷം ചെയ്യാൻ കഴിയുകയെന്ന അപൂർവ അവസരമാണ് അദിതിക്ക് ലഭിച്ചത്.
മലയാളത്തിൽ ഇതിനു മുമ്പ് ഇത്തരമൊരു നേട്ടം കൈവരിച്ചത് നടി അംബികയാണ്. പ്രേംനസീറിന്റെയും മകൻ ഷാനവാസിന്റെയും നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്.