സ്കൂൾദിനങ്ങളിൽത്തന്നെ തന്നെ അദിതി രവിക്കു വലിയ ഒരാഗ്രഹവും സ്വപ്നവുമൊക്കെയായിരുന്നു സിനിമ. ആദ്യം പരസ്യചിത്രങ്ങൾ ചെയ്തു. ആംഗ്രി ബേബീസിലെ ചെറിയ വേഷത്തിലൂടെ സിനിമയിലെത്തി. സണ്ണി വെയ്ൻ നായകനാകുന്ന മിഥുൻ മാനുവൽ തോമസിന്റെ അലമാരയിലൂടെ ഇപ്പോൾ നായികയുമായി അദിതി. മഹേഷ് ഗോപാലിന്റെ കഥയ്ക്കു ജോണ് മന്ത്രിക്കൽ തിരക്കഥയൊരുക്കിയ അലമാര നർമത്തിലൂടെ പറയുന്ന ഒരു കുടുംബകഥയാണ്. ഫുൾ ഓണ് സ്റ്റുഡിയോസ് നിർമിച്ച അലമാരയിൽ സ്വാതി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവതാരം അദിതി രവിയുടെ വിശേഷങ്ങളിലേക്ക്…
അലമാരയിലേക്കുള്ള വഴി…
നായികയായി എന്റെ ആദ്യ സിനിമയാണ് അലമാര. ഈ സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് അപേക്ഷിച്ചിരുന്നു. ഓഡിഷനിലൂടെയാണ് സെലക്ടായത്. അലമാരയിൽ എന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി. ബാങ്ക് ജീവനക്കാരിയാണു സ്വാതി. എന്റെ പ്രായത്തിലുള്ള എല്ലാ പെണ്കുട്ടികളെയും പോലെ സാധാരണകുട്ടി.
അലമാരയുടെ പ്രമേയം…
കല്യാണവും അലമാരയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. കല്യാണമെന്നു പറയുന്പോൾ വധുവും വരനും ഉണ്ടാകുമല്ലോ. അതിലെ വധുവാണു സ്വാതി. വരൻ അരുണ്. സണ്ണി വെയ്നാണ് അരുണ് എന്ന നായകവേഷം ചെയ്യുന്നത്. പിന്നീട് അവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ നർമത്തിലൂടെ പറയുന്ന സിനിമയാണ് അലമാര. അലമാരയിൽ ആദ്യാവസാനം വരുന്ന കഥാപാത്രമാണു സ്വാതി. അലമാരയ്ക്കൊപ്പം നിൽക്കുന്ന കഥാപാത്രം.
അലമാരയുടെ കഥാപശ്ചാത്തലം…
സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന അരുണും ബാങ്ക് ജീവനക്കാരനാണ്. പക്ഷേ, ഇരുവരും ഒരേ ബാങ്കിലല്ല. രണ്ടുപേരും ബംഗളൂരുവിൽ വച്ചു കണ്ടുമുട്ടുന്നു. അവർ അവിടെവച്ചു കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. കല്യാണം കഴിക്കാനുള്ള തീരുമാനത്തെ വീട്ടുകാർ സമ്മതിച്ചുതരുന്ന രീതിയിലാണു പിന്നീടു കഥ മുന്നോട്ടു പോകുന്നത്. ബംഗളൂരുവിലും കൊച്ചിയിലുമായിട്ടാണു കഥ നടക്കുന്നത്.
അവരുടെ കല്യാണവും ഒരു അലമാരയും അതിനെത്തുടർന്നു രണ്ടുപേരുടെയും കുടുംബങ്ങളിലുമുണ്ടാകുന്ന ചില ചെറിയ ചെറിയ കാര്യങ്ങളും കോർത്തിണക്കി നർമത്തിൽ പറയുന്ന സിനിമയാണ് അലമാര.
സണ്ണി വെയ്നൊപ്പമുള്ള അഭിനയം..
സണ്ണി വെയ്നൊപ്പം ആദ്യമായിട്ടാണ് അഭിനയിച്ചത്. ഷൂട്ടിംഗിന്റെ ആദ്യദിനമാണ് സണ്ണിയെ പരിചയപ്പെട്ടത്. വളരെ ഫ്രണ്ട്ലിയാണ്. വളരെ കൂൾ ആയ ഒരു മനുഷ്യൻ. എടുത്തുചാടി എല്ലാവരോടും സംസാരിക്കുന്ന ഒരു ടൈപ്പ് കാരക്ടറല്ല സണ്ണി. സംസാരിച്ചാൽ സണ്ണി വളരെ ഫ്രണ്ട്ലിയാണ്. പക്ഷേ, എല്ലാവരോടും ഇടിച്ചുകയറി സംസാരിക്കുന്ന ഒരാളല്ല. അദ്ദേഹത്തിന്റെ കാരക്ടർ അങ്ങനെയാണ്. കുറച്ചുദിവസം കൊണ്ടുതന്നെ എനിക്കതു മനസിലായി.
മിഥുൻ മാനുവൽ തോമസ്- സണ്ണി വെയ്ൻ കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് അലമാര. ആ കൂട്ടുകെട്ടിലെ പുതിയ കുട്ടിയാണു ഞാൻ. പക്ഷേ അവർ അങ്ങനെയൊരു ഗ്യാപ്പ് എനിക്കു തന്നിട്ടില്ല. അവരുടെ കൂട്ടത്തിലുള്ള ഒരു കുട്ടി. അങ്ങനെയൊരു പെരുമാറ്റമായിരുന്നു സണ്ണിയുടെയും മിഥുൻ ചേട്ടന്റെയും. അതിനാൽ സണ്ണിയുടെ കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിൾ ആയിരുന്നു.
മിഥുൻ മാനുവൽ തോമസിനൊപ്പം…
സണ്ണിയെപ്പോലെതന്നെ വളരെ ഫ്രണ്ട്ലി ആയിരുന്നു ഡയറക്ടർ മിഥുൻ ചേട്ടനും. ഡൗണ് ടു എർത്ത് ആയ ഒരു മനുഷ്യൻ. ഷോട്ടിന്റെ സമയം മാത്രമേ നമുക്കു മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനെ കാണാനാകുമായിരുന്നുള്ളൂ. അല്ലാത്തപ്പോൾ വളരെ ഫ്രണ്ട്ലിയാണ്. നമ്മുടെ വീട്ടിലുള്ള ഒരാൾ എന്ന രീതിയിലായിരുന്നു എന്നോടുള്ള പെരുമാറ്റം. ആ ഒരു സെറ്റു മുഴുവൻ അങ്ങനെതന്നെയായിരുന്നു.
മിഥുൻ ചേട്ടൻ ഉൾപ്പെടെ സെറ്റിൽ എല്ലാവരുടെയും സഹകരണവും പെരുമാറ്റവും എനിക്ക് ഏറെ ഹെൽപ് ആയിരുന്നു. മിഥുൻ ചേട്ടനു വേണ്ടത് എന്താണോ അതു പറയും. പിന്നെ, നമ്മുടെ കൈകളിലേക്കും കുറച്ചു സ്പേസ് അല്ലെങ്കിൽ ഒരു ഫ്രീഡം തരുന്നുണ്ട്. അഭിനയിക്കുന്പോൾ കാര്യങ്ങൾ പറഞ്ഞു ചെയ്യിപ്പിച്ചെടുക്കാനുള്ള കഴിവ് മിഥുൻ ചേട്ടനു നന്നായിട്ടുണ്ട്.
വെല്ലുവിളികൾ..
സിനിമയുടെ അവസാനഭാഗത്ത് വളരെ പ്രധാനപ്പെട്ട ഒരു സീനുണ്ട്. എനിക്കു കുറച്ചു ടെൻഷനുണ്ടായിരുന്നു. പക്ഷേ, എല്ലാവരുടെയും സഹായമുണ്ടായിരുന്നതിനാൽ ഞാൻ ആ ടെൻഷൻ അധികം അറിഞ്ഞില്ല. ഞാനല്ല എന്റെ സ്ഥാനത്ത് ഏതൊരു പുതിയ പെണ്കുട്ടിയാണെങ്കിലും ആ സീൻ ചെയ്യുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം അവരുടെ സഹായവും പിന്തുണയും അത്രത്തോളമായിരുന്നു. ആ സെറ്റിന്റെ അന്തരീക്ഷം അങ്ങനെയായിരുന്നു.
ഈ സിനിമ തിയറ്ററിലിരുന്നു കാണുന്പോൾ പ്രേക്ഷകർക്കു ലഭിക്കുന്ന ഫാമിലി എന്ന അനുഭവമുണ്ടല്ലോ… അച്ഛൻ, അമ്മ, അമ്മാവൻ, പെങ്ങൾ..അങ്ങനെ ഒരുപാടു കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തിൽ. നാം സിനിമ കാണുന്പോൾ നമ്മളെയും കൂടി ബന്ധിപ്പിക്കുന്നതാണ് ഈ സിനിമയെന്നു തോന്നും. അങ്ങനെയൊരു ഫീൽ തന്നെയായിരുന്നു അഭിനയിക്കുന്പോൾ സെറ്റിലും.
ഫാമിലി എന്റർടെയ്നറാണോ അലമാര…
അതേ.. എന്നാൽ, ഫാമിലിക്കു മാത്രം കാണാൻ പറ്റിയ സിനിമ എന്നല്ല. ചെറുപ്പക്കാരും വിവാഹിതരും വിവാഹിതരാകാൻ പോകുന്നവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് അലമാര എന്നാണ് എനിക്കു തോന്നുന്നത്. കല്യാണത്തിനു മുമ്പും അതിനുശേഷവുമുള്ള സീക്വൻസുകളിലൂടെയാണ് അലമാരയുടെ കഥ മുന്നോട്ടുപോകുന്നത്.
നടൻ മണികണ്ഠനൊപ്പം…
സുപ്രൻ ചേട്ടൻ എന്നാണ് മണികണ്ഠൻ ചേട്ടന്റെ കഥാപാത്രത്തിന്റെ പേര്. സണ്ണിയുടെ കഥാപാത്രം അരുണിന്റെ അമ്മാവന്റെ വേഷം. ആ ഫാമിലിയിലേക്കാണ് സ്വാതി എന്ന എന്റെ കഥാപാത്രം വിവാഹിതയായി വരുന്നത്. തുടർന്നുള്ള കഥയിൽ ഞങ്ങൾ തമ്മിൽ കോംബിനേഷൻ സീനുകളുണ്ട്. എനിക്കു മൂത്ത ജ്യേഷ്ഠനോടുള്ള ഫീലാണ് മണികണ്ഠൻ ചേട്ടനോട്. ഒരു പെങ്ങളുകുട്ടിയെപ്പോലെയായിരുന്നു എന്നോടുള്ള കരുതലും പെരുമാറ്റവുമൊക്കെ.
സിനിമയിലെത്തും മുന്പേ തിയറ്റർ ആർട്ടിസ്റ്റാണു മണികണ്ഠൻ ചേട്ടൻ. അതിനാൽ അതിന്റേതായ ഏറെ കഴിവുകളുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം തന്നെയാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം. നടനെന്ന തരത്തിൽ അത്തരത്തിലുള്ള കഴിവുകളും ഉൗർജവുമൊക്കെ അഭിനയിക്കുന്പോൾ അദ്ദേഹം നമുക്കും ഷെയർ ചെയ്തു തന്നിരുന്നു. അഭിനയം മെച്ചപ്പെടുത്താൻ സഹായകമായ നിർദേശങ്ങളും ടിപ്സും തന്നിരുന്നു. അത്രയും എക്സ്പീരിയൻസുള്ള ബ്രില്യന്റായ ആക്ടറാണ് അദ്ദേഹം. എന്നെപ്പോലെയുള്ള പുതുമുഖങ്ങൾക്ക് അതൊക്കെ വലിയ കാര്യമാണ്.
അലമാരയിലെ മറ്റു താരങ്ങൾക്കൊപ്പമുള്ള സെറ്റ് അനുഭവങ്ങൾ…
അലമാരയിൽ ഒപ്പം അഭിനയിച്ച രഞ്ജിപ്പണിക്കർ സാർ, ഇന്ദ്രൻസ് അങ്കിൾ, അജുചേട്ടൻ, സാദിഖ് അങ്കിൾ തുടങ്ങിയവരെല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ്. ഈ പടം കാണുന്പോൾ ലഭിക്കുന്ന ഫാമിലി ഫീൽ തന്നെയായിരുന്നു സെറ്റിലും. ഒരു ഫാമിലി തന്നെയായിരുന്നു അലമാര സെറ്റ്. അതുപോലെതന്നെയായിരുന്നു എല്ലാവരും തമ്മിലുള്ള സംസാരവും.
അഭിനയിക്കാൻ വരുന്പോൾ ആക്ടേഴ്സിന്റെ ലൈഫിനെക്കുറിച്ച് എനിക്കു ചില മുൻധാരണകളുണ്ടായിരുന്നു. അവരുടെ സംസാരം, ഭക്ഷണം. ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ..എന്നിവയെക്കുറിച്ചൊക്കെ. പക്ഷേ, അവർ വളരെ സാധാരണക്കാരാണെന്നാണ് ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ എനിക്കു മനസിലായത്. ആർട്ടിസ്റ്റുകൾ ഇങ്ങനെയാണ് ആകേണ്ടത് എന്ന് തോന്നുന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. എന്നെപ്പോലെ പുതിയ കുട്ടികൾക്കു പഠിക്കാനുള്ള ഒരു പാഠം തന്നെയായിരുന്നു അവരുടെ പെരുമാറ്റരീതികൾ. കുറേകാര്യങ്ങൾ അവരുടെയടുത്തു നിന്നു പഠിക്കാനായി, അവരുപോലും പറയാതെ പറഞ്ഞുതന്ന ചില കാര്യങ്ങൾ.
രഞ്ജി പണിക്കർക്കൊപ്പം…
അലമാരയ്ക്കൊപ്പം ഞാൻ അഭിനയിച്ച നാം എന്ന സിനിമയിലും രഞ്ജി പണിക്കർ സാർ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അങ്ങനെ അവിടെവച്ച് അദ്ദേഹത്തെ കണ്ടുള്ള പരിചയമുണ്ടായിരുന്നു. ആ ചിത്രത്തിൽ അദ്ദേഹവുമായി അധികം കോംബിനേഷൻ സീനുകളില്ല. പക്ഷേ, ഈ സിനിമയിൽ അദ്ദേഹവുമായി കുറേ കോംബിനേഷൻ സീനുകളുണ്ട്. അങ്ങനെ അദ്ദേഹവുമായി കൂടുതൽ അടുപ്പമുണ്ടായി. എന്നെ ഒരു മകളെപ്പോലെയാണ് കണ്ടത്. ഈ സിനിമയിൽ അദ്ദേഹത്തിന്റെ മരുമകളായിട്ടാണ് ഞാൻ അഭിനയിച്ചത്. അത്തരത്തിലുള്ള പെരുമാറ്റവും വാത്സല്യവുമൊക്കെയാണ് സെറ്റിൽ അദ്ദേഹത്തിൽ നിന്നു കിട്ടിയത്.
സീമ ജി. നായരും മഞ്ജുവും…
സീമ ജി. നായരും മഞ്ജുവുമാണ് അലമാരയിൽ സുപ്രധാന വേഷങ്ങളിലെത്തുന്ന മറ്റു രണ്ടു താരങ്ങൾ. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മവേഷത്തിലെത്തിയ മഞ്ജു ചേച്ചിയാണ് ഇതിൽ എന്റെ അമ്മവേഷം ചെയ്തത്. സീമചേച്ചി ഇതിൽ എന്റെ അമ്മായിയമ്മയുടെ വേഷമാണു ചെയ്യുന്നത്. സീമചേച്ചിയുമായുള്ള സീനുകളാണ് കൂടുതലും. ഏറെ പ്രാധാന്യമുള്ള വേഷമാണ് അലമാരയിൽ സീമചേച്ചിക്ക്. സീമചേച്ചിക്കു ബ്രേക്കിംഗ് ആകുന്ന കാരക്ടർ എന്നാണ് എനിക്കു തോന്നുന്നത്. സീമചേച്ചിയും അഭിനയത്തിനു സഹായകമായ ഏറെ ടിപ്സ് പറഞ്ഞുതന്നു. സെറ്റിൽ എനിക്കു മറ്റൊരമ്മയെപ്പോലെ തന്നെയായിരുന്നു സീമചേച്ചി.
അജു വർഗീസിനൊപ്പം..
അജുചേട്ടനൊപ്പവും എനിക്കു കോംബിനേഷൻ സീനുകളുണ്ടായിരുന്നു. ഫ്രണ്ട്ലിയാണ്. സ്പൊണ്ടേനിയസ് ആയ ഒരാക്ടർ എന്നാണ് അജുചേട്ടനെക്കുറിച്ചു പറയാനുള്ളത്. സീനുകൾ ചെയ്യുന്പോൾ ഇത്തരത്തിൽ ചെയ്തുനോക്കാം എന്ന തരത്തിൽ ചർച്ചകൾക്കു മുൻകൈയെടുത്തിരുന്നു.
മറ്റു പുതിയ സിനിമകൾ…
ടിക് ടോക് എന്ന സിനിമയാണ് കമിറ്റ് ചെയ്തത്. ടൊവിനോയാണു നായകൻ. സംവിധാനം വിവേക് അനിരുദ്ധൻ. റിലിസ് ചെയ്യാനൊരുങ്ങുന്നത് നാം എന്ന കാന്പസ് ചിത്രം. ജോഷി തോമസ് പള്ളിക്കലാണ് അതിന്റെ സംവിധായകൻ. ഞാൻ, ഗായത്രി സുരേഷ്, മെറീന മൈക്കിൾ എന്നിവരാണ് അതിൽ മുഖ്യവേഷങ്ങളിൽ വരുന്നത്. ഇതൊക്കെ മുന്പേ കമിറ്റ് ചെയ്ത സിനിമകളാണ്. അലമാരയ്ക്കു സമാന്തരമായിത്തന്നെയായിരുന്നു അതിന്റെ ഷൂട്ടിംഗും. അലമാരയുടെ റിലീസിനുശഷം മറ്റു സിനിമകളുടെ ചർച്ചകൾ തുടങ്ങും.
സിനിമയിലെ സൗഹൃദങ്ങൾ…
ഞാൻ, ഗായത്രി സുരേഷ്, മെറീന മൈക്കിൾ – നാം എന്ന സിനിമയിലൂടെയാണ് ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായത്. നാം എന്ന സിനിമയിലൂടെ കിട്ടിയ ഭാഗ്യങ്ങളിലൊന്നാണത്. ഗായത്രി സുരേഷ് ജമ്നാപ്യാരിയിലും ഒരു മെക്സിക്കൻ അപാരതയിലുമൊക്കെ അഭിനയിച്ചിരുന്നു.
എബിയിലെ നായികയാണു മെറീന മൈക്കിൾ. ആദ്യം മെറീനയുടെ എബി റീലീസായി. തൊട്ടുപിറകെ ഗായത്രിയുടെ മെക്സിക്കൻ അപാരത. ഇപ്പോൾ ഞാൻ അഭിനയിച്ച അലമാര. ഞങ്ങൾ മൂന്നുപേരുടെയും സിനിമയുടെ പോസ്റ്ററുകൾ കൊച്ചിയിൽ ഒരു സ്ഥലത്തു തന്നെ ഒരുമിച്ചു കാണുന്പോൾ അതു വലിയ ഭാഗ്യവും സന്തോഷവുമെന്നു തോന്നുന്നു.
വീട്ടുകാര്യങ്ങൾ…
തൃശൂരാണു നാട്. ഇപ്പോൾ താമസം കൊച്ചിയിൽ. അച്ഛൻ എ.ജി.രവി സൗദി എയർലൈൻസിലായിരുന്നു. അമ്മ ഗീത വീട്ടമ്മ.
ടി.ജി. ബൈജുനാഥ്