ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മാർച്ചിൽനിന്നു വിട്ടുനിന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎൽഎ അദിതി സിംഗ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിളിച്ചുചേർത്ത ഉത്തർപ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദിതി മാർച്ചിൽനിന്നു വിട്ടുനിന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അദിതി അറിയപ്പെടുന്നത്. അദിതിയുടെ പിതാവും ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. എന്നിരുന്നാലും ബുധനാഴ്ച പ്രിയങ്കയുടെ റാലിയിൽനിന്നു വിട്ടുനിൽക്കാൻ അദിതി തീരുമാനിക്കുകയായിരുന്നു.
അടുത്തു തന്നെ അദിതി ബിജെപിയിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അദിതി ഇത് നിഷേധിച്ചു. റായ്ബറേലി പാർലമെന്റ് മണ്ഡലത്തിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണം വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിടുന്നു. ഒരെണ്ണം സമാജ്വാദി പാർട്ടിയാണു വിജയിച്ചത്.