സുനറ്റ് കെ വൈ
പത്തനാപുരം: കൊച്ചു കൂരയ്ക്കുള്ളില്‍ നല്ല നാളയെ സ്വപ്നം കണ്ടുറങ്ങിയവരില് ഒരാളിനിയില്ല. ചിണുങ്ങിയുള്ള ചിരിയും ആ കാല് ചിലങ്കയുടെ ശബ്ദവും എന്നേക്കുമായി നിലച്ചുവെന്ന യാഥാര്‍ഥ്യത്തോട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും പൊരുത്തപ്പെടുവാനുമായിട്ടില്ല.
പടുത മൂടിയ മണ്‍കട്ടയുടെ ചുമരിനുള്ളില്‍ ആ കുഞ്ഞ് ജീവന് കവരാന്‍ വിഷപാമ്പുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം; ഒപ്പം വിധിയും. പത്താം വയസില്‍ ആദിത്യയുടെ ജീവന് പൊലിഞ്ഞതിന് കാരണം വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും പ്രതിക്കൂട്ടിലാണ്.
അടച്ചുറപ്പും സുരക്ഷിതത്വവുമില്ലാത്ത ആ കൂരയാണ് തണുത്തു മരവിച്ച മരണത്തെ ഈ കുഞ്ഞ് ജീവനിലേക്കാകര്ഷിച്ചതിന് കാരണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടവാങ്ങിയത്.
വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കിടന്നുറന്നുകയായിരുന്ന ആദിത്യയെ ശനിയാഴ്ച രാവിലെ ആറോടെയാണ് പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പത്തനാപുരത്തെയും അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതു കൊണ്ട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മരണവിവരമറിഞ്ഞതോടെ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് നാടൊന്നാകെ കണ്ണീരുമായി ഇവിടേക്ക് ഒഴുകിയെത്തി.
ആദിത്യയും കുടുംബവും താമസിക്കുന്നത് 1990- 91 കാലയളവിൽ പത്തനാപുരം ബ്ലോക്ക് ഭവനപദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്ടിലാണ്. വർഷങ്ങളായി ഈ വീടിന് അറ്റകുറ്റപണിക്കുള്ള പണം പോലും ലഭിച്ചിട്ടില്ല.
തറയും മണ്‍ഭിത്തിയും മേൽക്കൂരയും ഒരു പോലെ തകർന്ന വീടിന്റെ മുകൾഭാഗം പടുത മൂടിയതാണ്. മണ്ണു തേച്ച തറയിലും ഭിത്തിയിലും ധാരാളം മാളങ്ങളാണുള്ളത്. ഈ മാളത്തിലിരുന്ന പാമ്പാകാം തറയിൽ കിടന്നുറങ്ങിയ ആദിത്യയെ കടിച്ചതെന്നാണ് നിഗമനം.
ആദിത്യയുടെ അമ്മ സിന്ധു പല തവണ വീടിന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇവർക്ക് മുന്‍പ് രണ്ട് തവണ വീട് അനുവദിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം പറയുന്നുണ്ട്. എന്നാല്‍ വീട് ലഭിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
പിന്‍വിളിക്ക് കാതോര്‍ക്കാതെ ആദിത്യയുടെ വിടവാങ്ങല്‍ നഷ്ടമാക്കിയത് ഒരു നിര്‍ധനകുടുംബത്തിന്റെ പ്രതീക്ഷയുടെ വെളിച്ചം കൂടിയാണ്. അധികൃതരുടെ കണ്ണു തുറന്നിരുന്നുവെങ്കില്‍ ഈ കുഞ്ഞുജീവനെങ്കിലും പൊലിയാതിരുന്നേനെയെന്ന ആക്ഷേപവുമുണ്ട്.
പ്രതിഷേധങ്ങളും പ്രതികരണങ്ങളും അടങ്ങുമെങ്കിലും നഷ്ടപ്പെടലിന്റെ വേദന ഈ മാതാപിതാക്കള്ക്കുമാത്രമാണ്.