വൈക്കം: ആൻഡമാനിൽ നിന്നെത്തിയവർ ഇന്നലെ ആദിത്യയെ കണ്ടു ഇഷ്ടപ്പെട്ടു. ശബ്ദ ജലമലിനീകരണമില്ലാതെ വേന്പനാട്ടു കായലിലെ വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സൗരോർജ യാത്രാബോട്ടാണ് ആദിത്യ. ആദിത്യയുടെ പ്രവർത്തന മികവു മനസിലാക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതരാണ് ഇന്നലെ വൈക്കത്തെത്തിയത്. ജലഗതാഗതത്തിന് ഏറെ പ്രാധാന്യമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ഗതാഗതത്തിനു ബോട്ടുകളും കപ്പലുകളുമാണു കൂടുതൽ ഉപയോഗിക്കുന്നത്.
പ്രകൃതി സൗഹൃദമായി സർവീസ് നടത്തുന്നതിനു സൗരോർജ ബോട്ടുകൾ ഏറെ അഭികാമ്യമാണെന്ന ബോധ്യത്തിൽ ആൻഡമാൻ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴാണ് വൈക്കത്തു സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യ പോയി കണ്ടറിയാൻ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത്.
ഇന്നലെ വൈകുന്നേരം വൈക്കം ഫെറിയിലെത്തിയ ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷനിലെ ക്യാപ്റ്റൻ രാജേന്ദ്രകുമാർ, അശുതോഷ് പാണ്ഡേ എന്നിവരെ വൈക്കം നഗരസഭ ചെയർമാൻ പി. ശശിധരൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, സ്റ്റേഷൻ മാസ്റ്റർ ആനന്ദകുമാർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് സോളാർ ബോട്ടിൽ അരമണിക്കൂറോളം കായൽ സവാരി നടത്തിയ ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ സോളാറിലെ യാത്ര അനുപമമായ അനുഭവമാണെന്ന അഭിപ്രായപ്പെട്ടു.
തങ്ങളുടെ നാട്ടിലും സോളാർ ബോട്ടെത്തിക്കുന്നതിനായി സോളാർ ബോട്ടിനെ സംബന്ധിച്ച വിവരങ്ങൾ ജലഗതാഗതവകുപ്പിൽ നിന്നു വാങ്ങി കേന്ദ്ര സർക്കാരിനു സമർപ്പിക്കാനുള്ള നീക്കത്തിലാണ് ആൻഡമാൻ നിക്കോബാർ ഷിപ്പിംഗ് കോർപ്പറേഷൻ അധികൃതർ. ഇതിനകം രാജ്യത്തിനകത്തും പുറത്തും രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആദിത്യയുടെ പ്രവർത്തന സവിശേഷതകൾ മനസിലാക്കാൻ 40ൽപ്പരം രാജ്യത്തു നിന്നുള്ളവർ വൈക്കം ഫെറിയിലെത്തി. ഭാരതത്തിലെ ചില സംസ്ഥാനങ്ങളും മറ്റു ചില വിദേശ രാജ്യങ്ങളും സോളാർ ബോട്ടു വാങ്ങുന്നതിനായി ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ജലഗതാഗതവകുപ്പിനെ സമീപിച്ചു. ജലഗതാഗത വകുപ്പിന് ആധുനിക മുഖംസമ്മാനിച്ച രാജ്യത്തെ ആദ്യ സോളാർ ബോട്ട് ആദിത്യയും ആദ്യത്തെ ഹൈസ്പീഡ് എസി ബോട്ട് വേഗ 120 ഉം സർവീസ് നടത്തുന്നത് സംസ്ഥാനത്തെ ആദ്യ ഫെറികളിലൊന്നായ വൈക്കത്താണെന്നത് ക്ഷേത്രനഗരിക്കും അഭിമാനകരമായ നേട്ടമാണ്.