അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. രാജ്യത്തിന്റെ അഭിമാന ദൗത്യം വൈകുന്നേരം നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.
ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വർക്കിൽനിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്കുശേഷമാണ് നിർദിഷ്ട ലക്ഷ്യസ്ഥാനത്തെത്തിയത്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ.
വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞന്മാരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഇത്. അതുല്യനേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ളാദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങള്‍ അഥവാ പേലോഡുകള്‍ അടങ്ങുന്നതാണ് ആദിത്യ-എല്‍ വണ്‍ പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. ഇതില്‍ നാല് ഉപകരണങ്ങള്‍ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങള്‍ ലഗ്രാഞ്ച് -ഒന്നിന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. അഞ്ച് വര്‍ഷവും രണ്ടു മാസവുമാണ് ദൗത്യകാലാവധി.
സൂര്യന്റെ പ്രഭാമണ്ഡലത്തെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍ സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്.
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് – വണ്ണിൽ നിന്നും ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴല്‍ പതിക്കാതെ സൂര്യനെ നന്നായി നിരീക്ഷിക്കാന്‍ പേടകത്തിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഭൂമിയുടെ സ്വാധീനമണ്ഡലത്തില്‍നിന്ന് ഐഎസ്ആര്‍ഒ പുറത്തുകടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ- എല്‍ വൺ. ചൊവ്വയെക്കുറിച്ച് പഠിക്കാന്‍ അയച്ച മംഗള്യാന് പേടകമാണ് ഇതിനു മുന്‍പ് ഭൂമിയുടെ സ്വാധീനവലയം ഭേദിച്ച പേടകം. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.