റായ്ബറേലി: കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ സന്പൂർണാധിപത്യം നേടാനൊരുങ്ങി ബിജെപി.
യുപിയിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന ഏക കോട്ടയാണു റായ്ബറേലി. അമേഠി ലോക്സഭാ മണ്ഡലം 2019ൽ ബിജെപി കൈക്കലാക്കിയിരുന്നു.
2017ൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള റായ്ബറേലി(സദർ), ഹർചന്ദ്പുർ നിയമസഭാ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്.
ബച്റാവൺ(സംവരണം), സരായ്നി, ഉൻചാഹർ എന്നിവയാണു റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലെ മറ്റു നിയമസഭാ മണ്ഡലങ്ങൾ.
2017ൽ റായ്ബറേലി(സദർ)യിൽ വിജയിച്ച അദിതി സിംഗും ഹർചന്ദ്പുരിൽ വിജയിച്ചു രാകേഷ് സിംഗും ബിജെപിയിൽ ചേർന്നു. ഇരുവരും ഇത്തവണ ബിജെപി സ്ഥാനാർഥികളാണ്.
96,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു അദിതിയുടെ വിജയം. സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്. ബിഎസ്പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിക്കു മൂന്നാം സ്ഥാനത്തേക്കു പതിച്ചു.
2017ൽ ബച്റാവൻ, സരായ്നി എന്നീ മണ്ഡലങ്ങൾ ബിജെപിയാണു വിജയിച്ചത്. ഉൻചാഹറിൽ സമാജ്വാദി പാർട്ടി വിജയിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഖ്യത്തിലാണു മത്സരിച്ചത്. 2017ൽ അമേഠിയുടെ കീഴിലുള്ള ഒറ്റ നിയമസഭാ മണ്ഡലത്തിലും കോൺഗ്രസിനു വിജയിക്കാനായില്ല.
2019ൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽഗാന്ധിയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സ്മൃതി ഇറാനി തോൽപ്പിച്ചത്.
യുപിഎ കേന്ദ്രം ഭരിച്ച 20042014 കാലത്ത് റായ്ബറേലി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണു കോൺഗ്രസ് വോട്ട് ചോദിക്കുന്നത്.
12,500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ റായ്ബറേലിയിൽ നടന്നുവെന്നു വിനയ് ദ്വിവേദി ചൂണ്ടിക്കാട്ടുന്നു.
വനിതാ ആശുപത്രി, എയിംസ്, അഞ്ച് ദേശീയപാതകൾ, റെയിൽ കോച്ച് ഫാക്ടറി തുടങ്ങിയവ കോൺഗ്രസ് ഭരണകാലത്ത് റായ്ബറേലിയിലുണ്ടായ നേട്ടങ്ങങ്ങളാണ്.
ഏഴു വർഷത്തെ ബിജെപിഭരണത്തിനിടെ റായ്ബറേലിയിലോ അമേഠിയിലെ ഒരു പുതിയ പദ്ധതി പോലും ഉണ്ടായിട്ടില്ലെന്നു ദ്വിവേദി പറഞ്ഞു.
റായ്ബറേലിയിലെ ജനങ്ങൾക്കു നെഹ്റു കുടുംബവുമായുള്ള അടുപ്പം കാലം ചെല്ലുംതോറും കുറഞ്ഞുവരികയാണെന്നും പ്രിയങ്ക റായ്ബറേലിയിൽ ഘടകമേയല്ലെന്നും, കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന രാകേഷ് സിംഗ് പറയുന്നു.
ഇത്തവണ റായ്ബറേലിയിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി-സമാജ്വാദി പാർട്ടി നേർക്കുനേർ പോരാട്ടമാണ്.
കോൺഗ്രസിന് ഓരോ സീറ്റിലും 10,00-012000 വോട്ട് മാത്രമേ ലഭിക്കൂ. ചിലപ്പോൾ കെട്ടിവച്ച പണംതന്നെ നഷ്ടമായേക്കാം-രാകേഷ് സിംഗ് കൂട്ടിച്ചേർത്തു.
2019ൽ വിജയിച്ചശേഷം സോണിയഗാന്ധി റായ്ബറേലിയിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ് രാം ദേവ് പാൽ പറഞ്ഞു.
2024ൽ സോണിയയ്ക്കെതിരെ പ്രമുഖ സ്ഥാനാർഥികളെ നിർത്തേണ്ട ആവശ്യംപോലുമില്ലെന്നാണു ബിജെപി നേതാക്കളുടെ അവകാശവാദം.
2019ൽ, കോൺഗ്രസിൽവിട്ടു ബിജെപിയിലെത്തിയ എംഎൽസി ദിനേശ് പ്രതാപ് സിംഗിനെയായിരുന്നു സോണിയഗാന്ധി പരാജയപ്പെടുത്തിയത്.
എന്നാൽ, ഭൂരിപക്ഷം 1.6 ലക്ഷം വോട്ടായി കുറഞ്ഞു. 15 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
2014ൽ 3.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സോണിയഗാന്ധി വിജയിച്ചത്.
2009ൽ 3.7 ലക്ഷവും 2004ൽ 2.4 ലക്ഷവും 2006ലെ ഉപതെരഞ്ഞെടുപ്പിൽ 4.1 ലക്ഷവുമായിരുന്നു സോണിയഗാന്ധിയുടെ ഭൂരിപക്ഷം. 15 വർഷത്തെ തെരഞ്ഞെടുപ്പു പോരാട്ടത്തിനിടെ സോണിയ കടുത്ത മത്സരം നേരിട്ടത് 2019ൽ മാത്രമായിരുന്നു.
2017ൽ വിജയിച്ച ഹർചന്ദ്പുരിൽ സമാജ്വാദി പാർട്ടിയിൽനിന്നെത്തിയ സുരേന്ദ്ര വിക്രം സിംഗിനെയാണു കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.
റായ്ബറേലി(സദർ) മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കാൻ പ്രിയങ്കഗാന്ധിയെ അദിതി സിംഗ് വെല്ലുവിളിച്ചിരിക്കുകയാണ്.
അദിതിയുടെ ഭർത്താവ് അംഗദ് സിംഗ് സൈനിക്ക് പഞ്ചാബിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
ഇതിനു പിന്നിൽ പ്രിയങ്കഗാന്ധിയാണെന്നാണ് അദിതിയുടെ ആരോപണം. സീറ്റ് കിട്ടാത്ത അംഗദ് സൈനി നവാൻഷഹർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നു.
2017ൽ പഞ്ചാബിൽ വിജയിച്ച എംഎൽഎമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അംഗദ്.
യുപിയിലെ 15 സ്ഥാനാർഥികൾ നിരക്ഷരർ
നോയിഡ: യുപിയിലെ ആദ്യ ഘട്ടം തെരഞ്ഞെടുപ്പിലെ 15 സ്ഥാനാർഥികൾ നിരക്ഷരർ. 58 മണ്ഡലങ്ങളിലേക്കു മത്സരിക്കുന്ന 615 സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) ആണ് ഇതു പുറത്തുവിട്ടത്.
125 സ്ഥാനാർഥികൾ എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചവരാണ്. 38 സ്ഥാനാർഥികൾ സാാക്ഷരത നേടിയവരാണ്. 100 സ്ഥാനാർഥികൾ ബിരുദവും 108 സ്ഥാനാർഥികൾ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
18 പേർക്ക് ഡോക്ടറേറ്റ് ഉണ്ട്. 70 സ്ഥാനാർഥികൾ അറുപതിനു മുകളിൽ പ്രായമുള്ളവരാണ്. ഫെബ്രുവരി 10നാണ് യുപിയിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടക്കുക.