ബംഗളൂരു: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്ന് ഇന്ന് ഉച്ചയോടെ പുറപ്പെടുന്ന ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ-1 പേടകം 125 ദിവസംകൊണ്ടു ലക്ഷ്യസ്ഥാനത്തെത്തും.
11.50നാണു പേടകം കുതിച്ചുയരുക. ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ച 23 മണിക്കൂർ 40 മിനിറ്റ് കൗണ്ട്ഡൗണ് വിജയകരമായാണു മുന്നോട്ടു നീങ്ങിയത്. പിഎസ്എൽവി-സി 57 ആണ് ആദിത്യ എൽ-1 മായി കുതിക്കുന്നത്.
യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.
അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെയാണിത്. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്.
ഭൂമിയുടെയും സൂര്യന്റെയും ഇടയിൽനിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.
വിവിധ സൗരോർജ പ്രവർത്തനങ്ങളെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും നിർണായകമായ വിവരങ്ങൾ ശേഖരിക്കുകയാണ് ദൗത്യലക്ഷ്യം.
ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ റെസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റേഴ്സ് എന്നിവയാണ് പ്രധാന പേലോഡുകൾ.
ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവ പ്രദേശത്ത് സോഫ്റ്റ്ലാൻഡ് ചെയ്തതിനു പിന്നാലെയാണ് ഇസ്രോയുടെ സോളാർ ദൗത്യം. അമേരിക്ക, ജപ്പാൻ, ചൈന, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരാണ് ഇതിനുമുന്പ് സോളാർ ദൗത്യ പേടകങ്ങൾ വിക്ഷേപിച്ചിട്ടുള്ളത്.
സൂര്യന് 460 കോടി വർഷത്തെ പഴക്കം
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ സൂര്യന് 460 കോടി വർഷത്തെ പഴക്കമുണ്ട്. സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയിൽ ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ സൂര്യനെ ഭ്രമണം ചെയ്യുന്നു.
ഹീലിയം, ഹൈഡ്രജൻ വാതകങ്ങൾ നിറഞ്ഞിരിക്കുന്ന സൂര്യന്റെ കോറിൽ (ഉൾക്കാന്പിൽ) 150 ലക്ഷം ഡിഗ്രി സെൽഷസാണു ചൂട്.
കോറിൽ നടക്കുന്ന അണുവിഘടനം മൂലമാണ് സൂര്യനിൽ ഉഗ്രതാപമുണ്ടാകുന്നത്. സൂര്യന്റെ നമുക്കു ദൃശ്യമാകുന്ന പ്രതലം ഫോട്ടോസ്ഫിയർ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ 5,500 ഡിഗ്രി സെൽഷ്യസാണു താപം.