തോൽപ്പെട്ടി: പൂർണഗർഭിണിയായ ആദിവാസി സ്ത്രീ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയിലായി പോലീസും നാട്ടുകാരും ആരോഗ്യ പ്രവർത്തകരും. തോൽപ്പെട്ടി വെള്ളറ കാട്ടുനായ്ക്ക കോളനിയിൽ പൂർണഗർഭിണി രക്തസമ്മർദ്ദമടക്കം ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആശുപത്രിയിൽ പോയാൽ സിസേറിയൻ ചെയ്യുമെന്ന ഭയംമൂലമാണ് യുവതിയും വീട്ടുകാരും ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശ്രമിച്ചിട്ടും ഇവർ ആംബുലൻസിൽ കയറാൻ തയ്യാറായില്ല. യുവതിക്ക് മാസം തികഞ്ഞതറിഞ്ഞ് ആശവർക്കറും ട്രൈബൽ പ്രൊമോട്ടറും കോളനിയിലെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതിയും ബന്ധുക്കളും സഹകരിച്ചില്ല. തുടർന്ന് തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവതിയും ബന്ധുക്കളും എതിർക്കുകയായിരുന്നു.
പ്രസവ വേദനവരുന്പോൾ എന്താവേണ്ടതെന്ന് തങ്ങൾക്കറിയാമെന്ന നിലപാടായിരുന്നു യുവതിയുടെയും കുടുംബത്തിന്േറയും. പിന്നീട് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെറിൻ സ്ഥലത്തെത്തി യുവതിയെ പരിശോധിപ്പിച്ചപ്പോൾ രക്തസമ്മർദ്ദം വളരെയധികം കൂടിയതായും ഉടൻതന്നെ ആശുപത്രിയിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് വീട്ടുകാരോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അതിന് തയ്യാറാകാത്ത വീട്ടുകാർ ഇക്കാര്യത്തിന് നിർബന്ധിച്ചവരെ അസഭ്യം പറഞ്ഞ് തിരിച്ച് വിടുകയാണുണ്ടായത്.
സ്ഥിതിഗതികളുടെ ഗൗരവം പറഞ്ഞ് ഡോക്ടർ ഷെറിനും, ഡിവൈഎഫ്ഐ പ്രവർത്തകരും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ യുവതിയുടെ ബന്ധുക്കൾ എതിർക്കുകയായിരുന്നു. ഒടുവിൽ വൈകുന്ന ഓരോ നിമിഷവും അമ്മയുടേയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകുമെന്നു വന്നതോടെ ആരോഗ്യ വകുപ്പ് വാഹനത്തിൽ അല്ലാതെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ പോകാമെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു വാഹനത്തിൽ ഉച്ചയ്ക്കുശേഷം രണ്ടോടെ യുവതിയെ ജില്ലാശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ യുവതി ആരോഗ്യനില വീണ്ടെടുത്തുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.