മണ്ണാർക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് 165 ഹെക്ടർ വനഭൂമി ആദിവാസികൾക്കായി പതിച്ചുനല്കാൻ സർക്കാർ തീരുമാനിച്ചു. ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ഒടുവിൽ റവന്യൂവകുപ്പിനു ലഭിച്ച 165 ഹെക്ടർ വനഭൂമിയാണ് ആദിവാസികൾക്കു പതിച്ചുനല്കുക.ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് തുടർപ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നു വ്യക്തമാക്കി.
ആദ്യപടിയായി സ്ഥലത്തിന്റെ സർവേ പൂർത്തിയാക്കും. തുടർന്ന് 165 ഏക്കറിൽ കൃഷിക്ക് യോഗ്യമായ സ്ഥലം കണ്ടെത്തി ഈ സ്ഥലം മാറ്റിയിട്ടതിനുശേഷം ബാക്കിയുള്ള സ്ഥലം തരംതിരിച്ച് ആദിവാസികൾക്ക് പതിച്ചുനല്‍കും. കൃഷിക്കായിരിക്കും മുൻഗണന നല്‍കുകയെന്ന് സബ് കളക്ടർ പറഞ്ഞു. സ്ഥലത്തെ പാറ, പുഴ എന്നിവ ഒഴിവാക്കിയായിരിക്കും സർവേ നടത്തുക.
ഒരു കുടുംബത്തിന് ഒരേക്കർ കൃഷിസ്ഥലം എന്നതോതിലായിരിക്കും പതിച്ചുനല്കുക. സ്ഥലം ഫ്ളോട്ടുകളായി തിരിച്ചു ആദിവാസികളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി. 2019 ജനുവരിയോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് അധികൃതർ പറയുന്നത്.മലയൻ, ഇഴവാലൻ, മലസർ എന്നീ വിഭാഗത്തിൽപെട്ട കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്. 141 കുടുംബങ്ങൾക്കാണ് ഭൂമി ലഭിക്കുക.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സർക്കാർ തീരുമാനം വന്നത്. മണ്ണാർക്കാട് താലൂക്കിൽ അഞ്ഞൂറോളം ആദിവാസി കുടുംബങ്ങളാണ് വിവിധ മേഖലകളിൽ കിടപ്പാടം പോലുമില്ലാതെ വലയുന്നത്. ആദിവാസികളെ സംരക്ഷിക്കുന്നതിനു സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏറെ പ്രശംസനീയമാണ്.
അട്ടപ്പാടി, മണ്ണാർക്കാട് മേഖലയിൽ ആദിവാസികൾക്ക് ഭൂമി പതിച്ചുനല്കുന്നതുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ തർക്കം നിലനിന്നിരുന്നു. ഈ പരാതികൾക്ക് ഒടുവിലാണ് കാർഷികാവശ്യത്തിനും വീടുവയ്ക്കുന്നതിനും ആദിവാസി കുടുംബങ്ങൾക്ക് സ്ഥലം അനുവദിക്കുന്നതിനു തീരുമാനമായത്.