മംഗലംഡാം: പതിനഞ്ചുവർഷത്തിനിടെ മൂന്നുതവണ വീടുനിർമാണം നടത്തിയ തളികകല്ല്, കവിളുപ്പാറ ആദിവാസി കോളനികളിലെ വീടുകളുടെ സ്‌ഥിതി ഇപ്പോഴും ഇങ്ങനെയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കു പുറമേ പട്ടികവർഗ വകുപ്പ് സ്പെഷൽ പദ്ധതി വഴിയുള്ള വീടുനിർമാണവും തകൃതിയായി നടത്തിയിട്ടും കോളനികളിൽ നിവർന്നു നില്ക്കാൻ കഴിയുന്ന ഒരുവീടുപോലുമില്ല.
രണ്ടുകോളനികളിലായി 87 കുടുംബങ്ങളുടെ ദുരവസ്‌ഥയാണിത്. ആദിവാസി കോളനികളിലെ വീടുനിർമാണത്തിനു എത്രകോടി പാഴാക്കിയിട്ടുണ്ടെന്നു ചോദിച്ചാൽ അതിനു മറുപടിനല്കാൻ വകുപ്പുകൾക്കു തന്നെ ഇപ്പോൾ നാണക്കേടാണ്.സർക്കാർ രേഖകളിൽ കോളനികളിൽ ഭവനരഹിതരായവർ വിരലിലെണ്ണാവുന്നവരെയുള്ളൂ. എന്നാൽ യഥാർഥ വസ്തുത അറിയണമെങ്കിൽ ദുർഘടവഴികൾ താണ്ടി കോളനിയിൽ ചെല്ലണം.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപ്പാറ കോളനികണ്ടാൽ ഇന്നും കോലംകെട്ട മട്ടിലാണ്. കുടിവെള്ളംപോലുമില്ലാതെ വലിയ ദുരിതത്തിലാണ് കവിളുപ്പാറയിലെ ആദിവാസികളുടെ ജീവിതം.
ആദ്യം ചെയ്യേണ്ടത് ആദ്യംചെയ്യാതെ ഫണ്ട് നഷ്‌ടമാക്കിയതിന്‍റെ ശേഷിപ്പുകൾ മാത്രമാണ് മലഞ്ചെരിവിലുള്ള ഈ കോളനിയിലുള്ളത്. വാഹനമെത്താവുന്ന റോഡില്ലാത്ത കോളനിയിൽ വീടുനിർമാണമാണ് ആദ്യം തുടങ്ങിയത്. ഇതിനാൽ വീടുനിർമാണത്തിനുള്ള കല്ല് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കോളനിയിൽ എത്തിക്കാനാകാതെ വീടുനിർമാണം പല ഘട്ടങ്ങളിലായി നിലച്ചു.
വേനലായാൽ കുടിവെള്ളംതന്നെ ഇല്ലാത്ത കോളനിയിൽ പിന്നെ വീടുനിർമാണ ത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുമെന്നാണ് കോളനിക്കാർ ചോദിക്കുന്നത്. ഇടനിലക്കാരും രാഷ്ര്‌ടീയനേതൃത്വങ്ങളും വകുപ്പ് അധികാരികളുമെല്ലാം ഫണ്ടുകളുടെ പങ്കുപറ്റി വർഷാവർഷങ്ങളിൽ വീട് റിപ്പയറിംഗിനു തുക വകയിരുത്തി കൊള്ളയടിക്കൽ തുടരുകയാണ്.
ടാർപോളിൻ വലിച്ചുകെട്ടിയ കൂരകളിലാണ് ആദിവാസി കുടുംബങ്ങൾ കഴിയുന്നത്. ഇടയ്ക്കിടെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും പട്ടികവർഗ വകുപ്പും കുറേ ഉറപ്പുകൾ നല്കി ആദിവാസികളെ കൊതിപ്പിക്കും.
ഏതെങ്കിലും തെരഞ്ഞെടുപ്പ് സീസണാണെങ്കിൽ ഉറപ്പുകൾക്കും വാഗ്ദാനങ്ങൾക്കും ഗൗരവം കൂടുമെന്നു മാത്രം. പക്ഷേ ഒന്നും നടക്കാറില്ലെന്ന് രണ്ടു പതിറ്റാണ്ടുകാലത്തെ അനുഭവം വച്ച് കോളനിക്കാർ തിരിച്ചറിയുന്നു.കവിളുപ്പാറ കോളനിയിൽ കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പൻ കൃഷ്ണൻ സെക്രട്ടേറിയറ്റിൽ പോയി.
കുടിവെള്ളത്തിനായി ഇനിയും ബോർവെൽ കുഴിച്ച് ഫണ്ട് നഷ്‌ടപ്പെടുത്തരുതെന്നും കോളനിക്കു താഴെയുള്ള ഉറവ വലിയ കിണറാക്കി മാറ്റി അവിടെനിന്നും പൈപ്പുവഴി കോളനിയിലേക്ക് വെള്ളമെത്തിക്കണമെന്നു ഉദ്യോഗസ്‌ഥരെ നേരിട്ട് കണ്ടുപറഞ്ഞു മനസിലാക്കാനായിരുന്നു മൂപ്പന്റെ തിരുവനന്തപുരം യാത്ര.
കോളനിയിലേക്ക് വെള്ളം എത്തിക്കാനാണെന്നു പറഞ്ഞ് കോളനിയിൽനിന്നും ഒരു കിലോമീറ്റർ മാറി രണ്ടു ബോർവെൽ കുഴിച്ചെങ്കിലും ഒന്നിലും വെള്ളം കിട്ടിയില്ല. പിന്നേയും പുതിയ ബോർവെൽ കുഴിക്കാൻ നീക്കമുണ്ടെന്നറിഞ്ഞപ്പോഴാണ് ഏറെ കഷ്‌ടപ്പെട്ടാണെങ്കിലും മൂപ്പൻ തിരുവനന്തപുരം യാത്ര നടത്തിയത്.
ആദിവാസികളുടെ ആവശ്യങ്ങൾക്ക് ഒപ്പം നില്ക്കേണ്ട പട്ടികവർഗ വകുപ്പ് പലപ്പോഴും ഇവർക്ക് തുണയാകുന്നില്ലെന്ന പരാതി വ്യാപകമാണ്. ആദിവാസികളുടെ ജീവിതവും സംസ്കാരവും ഇല്ലായ്മയും അറിയാത്തവരാണ് വകുപ്പിന്‍റെ തലപ്പത്തു വരുന്നവരിൽ ഭൂരിഭാഗവും. ഇത് വകുപ്പിന്‍റെ പ്രവർത്തനം അവതാളത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.