മംഗലംഡാം: മന്ത്രിയുടെ ഉത്തരവിനു പുല്ലുവില. മലയോരമേഖലയായ മണ്ണെണ്ണക്കയം, ചൂരുപ്പാറ പ്രദേശത്തെ വീട്ടുകാർക്കു വൈദ്യുതിനല്‍കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും മടി. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു വനംമന്ത്രി അഡ്വ. കെ. രാജു ഇവിടങ്ങളിലെ വീട്ടുകാർക്കു വൈദ്യുതിലൈൻ കടന്നുപോകുന്നതിനുള്ള തടസംനീക്കാൻ നടപടിയെടുക്കണമെന്നു സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരോടു നിർദേശിച്ചത്.
എന്നാൽ ഉത്തരവുനല്‍കി മാസങ്ങളായിട്ടും നടപ്പാക്കാൻ വകുപ്പുദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. മന്ത്രിയുടെ നിർദേശംപോലും നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ ഇനി തങ്ങളുടെ സങ്കടം ആർക്കുമുന്നിൽ ബോധിപ്പിക്കുമെന്ന ആശങ്കയിലാണു പതിറ്റാണ്ടുകളായി വൈദ്യുതിവെളിച്ചം കാത്തിരിക്കുന്ന മലയോരവാസികൾ. മുന്നൂറുമീറ്റർ അടുത്തുവരെ ഇവിടെ ലൈൻ വന്നുനില്‍ക്കുന്നുണ്ട്.
ഇതുനീട്ടി നല്കാൻ വനംവകുപ്പ് അനുവദിച്ചാൽ മറ്റുകാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ ശരിയാകുമെന്നാണു ബന്ധപ്പെട്ട മറ്റു വകുപ്പ് അധികൃതർ പറയുന്നത്.ഇതേ സമാനസ്വഭാവമുള്ള ഭൂമികളിലൂടെ ലൈൻ വലിച്ച് ഇവിട അടുത്തുതന്നെ കറന്റ് എടുത്തിട്ടുണ്ടെന്നിരിക്കേ കാട്ടുമൃഗശല്യം ഏറെയുള്ള സ്ഥലത്തു തങ്ങളെ എന്തിനു കഷ്ടപ്പെടുത്തുന്നുവെന്നതു മലയോരനിവാസികൾക്കും പിടികിടുന്നില്ല.
മറ്റിടങ്ങളിലെല്ലാം രാത്രിയിലും പകൽപോലെ വൈദ്യുതി ദീപാലങ്കാരങ്ങൾ വെട്ടിത്തിളങ്ങുന്പോൾ ഇവിടെമാത്രം കുട്ടികളുടെ പഠനവും മറ്റും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലാണ്. കരിങ്കയത്തു മന്ത്രി വന്നപ്പോൾ ഇവിടത്തെ ഒരു പത്താംക്ലാസ് വിദ്യാർഥിനി മന്ത്രിയെ നേരിൽകണ്ട് വൈദ്യുതിവെളിച്ചം എത്തിക്കുന്നതിനായി ആവശ്യമുന്നയിച്ചിരുന്നു. നിയോജകമണ്ഡലവും ജില്ലയുമൊക്കെ സന്പൂർണ വൈദ്യുതീകരണ മണ്ഡലങ്ങളായി പ്രഖ്യാപിച്ച് വർഷങ്ങളേറെ പിന്നിട്ടിട്ടാണ് വൈദ്യുതിക്കായുള്ള ഈ നെട്ടോട്ടം.