ഇരിട്ടി: പ്രസവത്തെത്തുടര്‍ന്നു ചികിത്സ ലഭിക്കാതെ ആറളം ഫാമിലെ ആദിവാസി യുവതിയും നവജാത ശിശുവും വനത്തിനുള്ളിലെ കുടിലില്‍ മരിച്ചു. ആറളം ഫാം 13–ാം ബ്ലോക്കിലെ ലീല– ചന്ദ്രന്‍ ദമ്പതികളുടെ മകള്‍ മോഹിനി(20) യാണ് കര്‍ണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടം വനത്തിനുള്ളിലെ കുടിലില്‍ മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിച്ചു കുടുംബം പുലര്‍ത്തുന്ന ഇവര്‍ ആറുമാസം മുമ്പാണ് മാക്കൂട്ടം വനത്തില്‍ താമസമാക്കിയത്. ഒരുമാസം മുമ്പാണ് മോഹിനി ആറളം ഫാമിലെ വീട്ടില്‍നിന്നു രാജേഷിന്റെ കുടിലില്‍ എത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ കുടിലിനുള്ളില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ച മോഹിനി അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ജനന സമയത്തുതന്നെ കുഞ്ഞും മരിച്ചിരുന്നു. പ്രസവവേദനകൊണ്ടു പുളഞ്ഞ മോഹിനി ആശുപത്രിയിലെത്തിക്കണമെന്നു പറഞ്ഞ് അലറിക്കരഞ്ഞെങ്കിലും സമീപത്തുണ്ടായിരുന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജനവാസ മേഖലയില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു ഇവര്‍ കുടില്‍ കെട്ടി താമസിച്ചിരുന്നത്.
മരണവിവരം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുറംലോകം അറിഞ്ഞെങ്കിലും 20 മണിക്കൂറോളം മൃതദേഹങ്ങള്‍ അനാഥമായി കിടന്നു. കര്‍ണാടക പോലീസിനെയും ആറളം പോലീസിനെയും വനംവകുപ്പ് അധികൃതരെയും നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചെങ്കിലുംആരും തിരിഞ്ഞുനോക്കിയില്ലെന്നു പരാതിയുണ്ട്. സംഭവമറിഞ്ഞ് ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ ഇരിട്ടിയിലെ മാധ്യമപ്രവര്‍ത്തകരും ചില നാട്ടുകാരും ചേര്‍ന്നു യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം വനത്തിനുള്ളില്‍നിന്നു ജനവാസമേഖലയില്‍ എത്തിച്ചു.
മൃതദേഹങ്ങള്‍ ആറളം ഫാമിലെ വീട്ടിലേക്കു കൊണ്ടുപോകണമെന്നായിരുന്നു മോഹിനിയുടെ കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍, പോലീസ് എത്താതെ മൃതദേഹം മാറ്റുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ആംബുലന്‍സ് െ്രെഡവറും ആശങ്കയിലായതോടെ ഒരു മണിക്കൂര്‍നേരം മൃതദേഹങ്ങള്‍ പെരുവഴിയില്‍ കിടത്തി. മാധ്യമ പ്രവര്‍ത്തകര്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചതിനെത്തുടര്‍ന്നു മൃതദേഹങ്ങള്‍ ആറളം ഫാമിലെ വീട്ടിലേക്കു മാറ്റാന്‍ അനുമതി ലഭിച്ചു.