മറയൂർ: മറയൂർ വനാന്തരത്തിലെ പുതുക്കുടി ആദിവാസി കോളനിയിലെ സ്ത്രീ വനത്തിനുള്ളിൽ വാഹനത്തിൽ പ്രസവിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിലെ വെള്ളക്കൽ ആദിവാസി കോളനിയിലെ രേവതി (23) ആണ് പ്രസവവേദനയെതുടർന്ന് മറയൂർക്കുള്ള യാത്രാമധ്യേ വാഹനത്തിൽ പ്രസവിച്ചത്.
മൂന്നുവർഷം മുൻപ് വെള്ളക്കൽ ആദിവാസി കോളനിയിൽനിന്നും പൊള്ളാച്ചിക്കു സമീപമുള്ള വെള്ളക്കുടി എന്ന ആദിവാസി കോളനിയിലേക്ക് രേവതിയെ വിവാഹംചെയ്ത് അയച്ചിരുന്നു. ഗർഭിണിയായ രേവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ ഗർഭകാല ചികിൽസകൾ നടത്തി രണ്ടുമാസം മുൻപാണ് ഭർത്താവ് മണിയും വീട്ടുകാരുംചേർന്ന് മറയൂരിലെ വീട്ടിൽ കൊണ്ടുവന്നുവിട്ടത്. ഇടയ്ക്ക് മറയൂരിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയും നടത്തിയിരുന്നു.
കഴിഞ്ഞദിവസം രാവിലെ പ്രസവവേദന അനുഭവപ്പെട്ട രേവതിയെ വനംവകുപ്പിന്റെ വാഹനത്തിൽ മറയൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പെണ്‍കുഞ്ഞിന് ജൻമം നൽകിയത്. പൂർണ വളർച്ചയെത്തിയ കുട്ടിയും അമ്മയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുടെ നിരീക്ഷണത്തിലാണ്.