മണ്ണാർക്കാട്: ആദിവാസിമേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പരാതി. താലൂക്കിലെ മലയോരമേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ കഴിയുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു.
മണ്ണാർക്കാട്, തിരുവിഴാംകുന്ന്, തെങ്കര, അട്ടപ്പാടി, ചെറുംകുളം മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്. തിരുവിഴാംകുന്ന്, കൊന്പംകുണ്ട്, ആനമൂളി, മാസപ്പറന്പ് എന്നീ ആദിവാസി കോളനികളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്.കൃത്യമായ പേരും മേൽവിലാസം ഇല്ലാത്തതും ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ബുദ്ധിമുട്ടും പോലീസിനെ വലയ്ക്കുന്നു.
ആദിവാസികൾ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും മറ്റുള്ളവരെയും ബാധിക്കുന്നു. കഴിഞ്ഞദിവസം കുടുംബവഴക്കിനെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിപരിക്കേല്പിച്ചിരുന്നു. തിരുവിഴാംകുന്ന്, അന്പലപ്പാറ ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ അനൂപിനാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരൻ ബിജുവാണ് ഇയാളുടെ കഴുത്തിനു വെട്ടിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ അനൂപിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കൊണ്ടുപോയതിനുശേഷമാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. പ്രതി ബിജുവിനെ നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏല്പിച്ചു.ഇത്തരം സംഭവങ്ങൾ മണ്ണാർക്കാട് മേഖലയിൽ പതിവാണ്. ആദിവാസി മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി ബോധവത്കരണം നല്കണമെന്ന ആവശ്യം ശക്തമാണ്.