അഗളി: വനവാസി ഊരുകൾ സർക്കാർ ഇരുട്ടിലാക്കി ആദിവാസികളോട് കപടസ്നേഹം കാണിക്കുകയാണെന്ന് കേരള വനവാസി വികാസകേന്ദ്രം ആരോപിച്ചു. അട്ടപ്പാടി വനവാസി ഉരുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതിചാർജിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത്.
ആദിവാസി ഉൗരുകളിലുള്ള വീടുകളിൽ വൈദ്യുതിചാർജ് കേരള ആദിവാസി ക്ഷേമ വകുപ്പാണ് അടച്ചുവന്നിരുന്നത്. ഭീമമായ തുക ട്രൈബൽ വെൽഫേർ ബോർഡ് കുടിശിക വരുത്തിയതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. കുടിശ്ശിക അടക്കുന്നതിനുള്ള തുടർനോട്ടീസ് നൽകിയിട്ടും ട്രൈബൽ വെൽഫേർ ബോർഡ് അവഗണിച്ചതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നതെന്നും വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.
2014 ഡിസംബറിനു ശേഷം വൈദ്യുതി ചാർജ് അടച്ചിട്ടില്ല. ആദിവാസി ക്ഷേമത്തിൽ സർക്കാർ കാണിക്കുന്ന അശ്രദ്ധയുടെയും,അവഗണനയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. ശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവമായി എടുക്കേണ്ടതാണ്.
കുട്ടികളുടെ വിദ്യഭ്യാസ കാര്യങ്ങളിൽ കോട്ടംവരുത്തുന്നതാണ് ഇത്തരം നടപടികൾ. ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് ഇതിനു പരിഹാരം കാണണമെന്നും വനവാസികളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കേരളവനവാസി വികാസ കേന്ദ്രം ജില്ലാ പ്രസിഡന്റ് വി.പി .മുരളീധരൻ അധികൃതരോട് ആവശ്യപ്പെട്ടു.