കോതമംഗലം: വീട് വൈദ്യുതീകരണത്തിനായി ചെലവഴിച്ച പണം നൽകാത്തതിനാൽ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ. കുട്ടന്പുഴ പഞ്ചായത്തിൽ വിവിധ ആദിവാസി കുടികളിലായി 260 കുടുംബങ്ങളിൽ വയറിംഗ് ജോലികൾ ചെയ്ത വകയിൽ 13 ലക്ഷത്തോളം രൂപയാണ് പഞ്ചായത്തിൽ നിന്നു ലഭിക്കാനുള്ളത്.പട്ടിക വർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വീടും വയറിംഗ് നടത്തിയതിന് 5,000 രൂപ വീതമാണ് നൽകേണ്ടിയിരുന്നത്. കഴിഞ്ഞ മാർച്ച് 30നു മുൻപ് വിതരണം ചെയ്യേണ്ടിയിരുന്ന തുക മാസങ്ങൾ പിന്നിട്ടിട്ടും നൽകിയിട്ടില്ല.
പഞ്ചായത്തിൽ നിന്നു പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ കടകളിൽ നിന്നു സാമഗ്രികൾ കടം വാങ്ങിയാണ് വയറിംഗ് ജോലികൾ ആദിവാസി കുടുംബങ്ങൾ പൂർത്തിയാക്കിയത്. മഴക്കാലമായതോടെ ജോലി ഇല്ലാതെ പട്ടിണിയിലായ ഇവർ വ്യാപാരികളോട് അവധി പറഞ്ഞു മടുത്തു. പന്തപ്രകോളനിയിലെ ആളുകളാണ് ഏറ്റവും കൂടുതൽ ഭുരിതത്തിലായിരിക്കുന്നത്. വാരിയത്തു നിന്നും പുനരധിവസിക്കപ്പെട്ട 67 കുടുംബങ്ങളാണ് നിലവിൽ ഇവിടെയുള്ളത്.
ഇതിൽ 397ാളം കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമായിരുന്നു.ഇവിടുത്തെ പഴയ താത്ക്കാലിക ഷെഡുകളിലാണ് നേരത്തെ വയറിംഗ് നടത്തിയിരുന്നത്. ഇവ പൊളിച്ചുനീക്കി ഓരോ കുടുംബങ്ങൾക്കും ലഭിച്ച സ്ഥലത്തെ പുതിയതായി നിർമിച്ച കുടിലുകളിലേക്ക് ഇവർ താമസം മാറിയെങ്കിലും ഇവർക്ക് വൈദ്യുതി കണക്ഷൻ മാറ്റി നൽകിയിട്ടില്ല. പഴയ ബാധ്യതയും പുതിയ കുടിലുകളിൽ വീണ്ടും വയറിംഗ് ചെയ്യേണ്ടി വന്നതും ഇവർക്ക് കൂടുതൽ ഭാരമാകുന്നു.
പന്തപ്ര കുടിയിലെ ഉൗരുമൂപ്പൻ കുട്ടൻ ഗോപാലന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ജനസന്പർക്ക പരിപാടിയിൽ പരാതി നൽകിയതിനെ തുടർന്നു കഴിഞ്ഞ ഏഴിനു നടന്ന അദാലത്തിൽ ഒരാഴ്ചയ്ക്കകം പണം നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിലും അതു നടപ്പായില്ല.
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് വീടുകളിലേക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് അടങ്കൽ തുക തയാറാക്കുന്നുവെന്നു പറയുന്പോഴും പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കോളനിവാസികൾ ചൂണ്ടികാട്ടുന്നു. വയറിംഗ് നടത്തി കണക്ഷൻ നൽകാമെന്ന് വൈദ്യുതി ബോർഡ് വാക്കാൽ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതും ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടി.
സന്പൂർണ വൈദ്യുതീകരണമെന്ന പദ്ധതി മുന്നൊരുക്കങ്ങളില്ലാതെ പൊടുന്നനെ തട്ടികൂട്ടിയതിന്റെ കുറവുകൾക്ക് ആദിവാസികൾ ഇരയായിരിക്കുകയാണ്. മാർച്ചിൽ ഗ്രാമസഭ കൂടി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഫണ്ട് പാഴായതാണ് പണം നൽകുന്നതിന് തടസമായിരിക്കുന്നതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.