മേപ്പാടി: വീടുപണി പൂർത്തീകരിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും ഐഎവൈ ഫണ്ട് അവസാന ഗഡു 50000രൂപ അനുവദിച്ച് കിട്ടുന്നില്ലെന്ന് പരാതി. ചെന്പോത്തറ കോളനിയിലെ ബാലൻ, ഉഷ ദന്പതികൾക്കാണ് പലവട്ടം ട്രൈബൽ വകുപ്പിന്റെ ഓഫീസ് കയറി ഇറങ്ങിയിട്ടും പണം ലഭിക്കാൻ നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുയർന്നത്. വയറിംഗ് ജോലിയടക്കം പൂർത്തീകരിച്ചു. ഇനി കണക്ഷൻ ലഭിച്ചാൽ മാത്രം മതി.
പണി എടുത്തവർക്ക് പണം നൽകാൻ ബാക്കി കിടക്കുകയാണ്. ഇക്കാരണത്താൽ വീട്ടിൽ കയറി തമസിക്കാൻ കഴിയാതെ ഭാര്യയുടെ വീട്ടിലെ താത്കാലിക ഷെഡ്ഡിലാണിവർ മൂന്നു കുട്ടികളുമായി അന്തിയുറങ്ങുന്നത്. ഫണ്ടില്ലെന്ന മറുപടിയാണ് ട്രൈബൽ വകുപ്പ് നൽകുന്നത്.
ഇതേ കോളനിയിലെ സുശീലയുടെ കുടുംബത്തിന് ആദ്യഗഡു 50000രൂപ മാത്രമാണ് ലഭിച്ചത്. ആ തുക കൊണ്ട് തറയുടെ പണി മാത്രമാണ് പൂർത്തീകരിച്ചത്. അടുത്ത ഗഡു ഫണ്ടില്ലെന്ന കാരണത്താൽ ലഭിക്കുന്നില്ല. ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബവും താമസിക്കാൻ വീടില്ലാതെ ദുരിതത്തിലാണ്.
മൂന്നുലക്ഷം രൂപയാണ് ഒരു വീടിന് പദ്ധതിയിൽ നിന്നനുവദിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ആ തുക കൊണ്ടുതന്നെ വീട് പൂർത്തിയാക്കാൻ വിഷമമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഉള്ള തുക തന്നെ ലഭിക്കാതെ വന്നാൽ അനുഭവിക്കേണ്ടിവരുന്ന വിഷമം ചെറുതല്ലെന്നും ഇവർ പറയുന്നു.