അഗളി: വേനൽമഴ തുടങ്ങി. കാലവർഷം വിളിപ്പാടകലെയുമെത്തി. അട്ടപ്പാടിയിൽ നൂറുക്കണക്കിന് ആദിവാസി കുടുംബങ്ങൾ പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊല്ലങ്ങൾക്ക് മുന്പ് താമസിച്ചിരുന്ന വീട് പൊളിച്ചുനീക്കി. ഇഴഞ്ഞുനീങ്ങുന്ന വീട് പണി പലതും പാതിവഴിയിൽ മുടങ്ങി.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള സർക്കാരിന്റെ ഭവന നിർമാണമാണ് പൂർത്തീകരിക്കാതെ കിടക്കുന്നത് .നിർമാണം പാതിവഴിയിൽ മുടങ്ങിയ വീടുകളാണ് അധികവും. മേൽക്കൂരയുടെ പണി പൂർത്തിയായ വീടുകളിൽ ആദിവാസികൾ കയറികൂടി കഴിഞ്ഞു. ഇതിൽ മണ്തറയിലാണ് അധികം പേരും അന്തിയുറങ്ങുന്നത്. ചുമരുകളിൽ തേപ്പ്, വയറിംഗ്, ജനൽ, കതക് തുടങ്ങിയ പണികളൊന്നും പൂർത്തീകരിച്ചിട്ടില്ല.
മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചാണ് പഠനംവരെ . മേൽക്കൂര പണിതീരാത്ത വീട്ടുകാർ മറ്റു വീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വേനൽമഴയിൽ വസ്ത്രങ്ങളും വീട്ടുസാധനങ്ങളും മുഴുവൻ നനഞ്ഞുവെന്ന് ആദിവാസികൾ പറഞ്ഞു. അടുത്ത കാലവർഷത്തെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണിവർ. കാട്ടാനശല്യംകൂടി ആയതോടെ ഇവരുടെ ജീവിതം അതീവ ദയനീയമായി. മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായതായി ആദിവാസികൾ പറഞ്ഞു.
അട്ടപ്പാടിയിൽ പൂർത്തീകരിക്കാത്ത വീടുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് അതത് പഞ്ചായത്ത് സ്ഥാപനങ്ങളിലെത്തിയിട്ടുണ്ടെന്നും ജനുവരി 11ന് അട്ടപ്പാടിയിലെത്തിയ തദ്ധേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞിരുന്നു.
പഞ്ചായത്ത് അധികൃതരെ വിളിച്ച് വേദിയിൽതന്നെ ഇക്കാര്യം മന്ത്രി ഉറപ്പാക്കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ ഒരു നടപടികളുമുണ്ടായില്ല.ഫണ്ട് ഇല്ലാത്തതാണ് വീടുപണി തുടങ്ങാൻ തടസമെന്ന് അഗളി ടി ഇ ഒ പറഞ്ഞു. ഏപ്രിൽ മാസത്തിൽ പ്രശ്ന പരിഹാരമുണ്ടായേക്കുമെന്നും എന്നാൽ ഇക്കാര്യത്തിൽ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
തങ്ങൾക്ക് മഴ നനയാതെ കഴിയാൻ അടിയന്തിരമായി വീട് ഏതുവിധേനയും അടിയന്തിരമായി ലഭിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.