വടക്കഞ്ചേരി: ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമിവാങ്ങാനും അതിൽ വീടുനിർമിക്കാനും മതിയായ ഫണ്ടുണ്ടായിട്ടും നടപടിയെടുക്കാതെ വകുപ്പ് അധികൃതരുടെ ക്രൂരത. വടക്കഞ്ചേരി പഞ്ചായത്തിലെ പല്ലാറോഡ് കുന്നിൻപുറത്ത് താത്കാലിക കൂരകളിൽ കഴിയുന്ന മലയരായ ആദിവാസി കുടുംബങ്ങളെയാണ് വിവിധ വകുപ്പ് അധികൃതർ കഷ്ടപ്പെടുത്തുന്നത്.
ആശിച്ച ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 സെന്റ് സ്ഥലവും അതിൽ അഞ്ചുലക്ഷം രൂപയുടെ വീടും നിർമിച്ചുനല്കാനാകും. റവന്യൂ, പട്ടികവർഗ വകുപ്പ് എന്നിവ സംയുക്തമായാണ് ഇതിനുള്ള നടപടി സ്വീകരിക്കേണ്ടത്. എന്നാൽ ഓരോ ഓഫീസിൽ ചെല്ലുന്പോഴും കാര്യങ്ങൾ ചെയ്യേണ്ടത് തങ്ങളല്ല മറ്റേ വകുപ്പാണെന്നു പറഞ്ഞ് ഈ കുടുംബങ്ങളെ നെട്ടോട്ടമോടിക്കുകയാണ്.
ആദിവാസിക്ഷേമത്തിനായി പ്രവർത്തിക്കേണ്ട പട്ടികവർഗ വകുപ്പും ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്.കളക്ടറേറ്റിൽ പോയാൽ ചിറ്റൂരിലുള്ള ട്രൈബൽ ഓഫീസിൽ പോകാൻ പറയും. അവിടെചെന്നാൽ കളക്ടറേറ്റിലേക്കു പറഞ്ഞുവിടും. ഏറെ വർഷങ്ങളായി ഈ സ്ഥിതിയാണെന്ന് ആദിവാസികൾ പറയുന്നു.
ഇവർക്ക് ഭൂമിവാങ്ങാനും നല്കാനും വീടുനിർമിക്കാനും ഫണ്ട് റെഡിയാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പേപ്പർ വർക്കുകൾ നടത്തി ഭൂമി നല്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.കുന്നിൻപുറത്ത് മറ്റൊരാളുടെ സ്ഥലത്താണ് ഇവരിപ്പോൾ ഷെഡ് കെട്ടി കഴിയുന്നത്. വഴിയോ കുടിവെള്ളമോ ഇല്ലാത്ത ഉയർന്ന പ്രദേശം.
ഇരുന്നൂറുമീറ്റർ താഴെ ടാർ റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും പഞ്ചായത്തും ഈ പാവങ്ങളെ അവഗണിക്കുകയാണ്. റോഡിൽനിന്നും കുത്തനെയുള്ള കയറ്റം കയറിവേണം ഇവരുടെ താമസസ്ഥലത്തെത്താൻ. ഓലപ്പട്ടയും പഴയ പ്ലാസ്റ്റിക് ചാക്കുകളും തുന്നിക്കെട്ടിയ കൂരകളിലാണ് പിഞ്ചുകുട്ടികളുമായി ഓരോ കുടുംബവും കഴിയുന്നത്.
മഴപെയ്താൽ കൂരയുടെ ഏതെങ്കിലും മൂലയിൽ കൂടണം. ചുമരുകൾ ഇല്ലാത്ത ഷെഡുകൾക്ക് വൈദ്യുതിവകുപ്പ് നിർബന്ധമായി വൈദ്യുതി കണക്ഷൻ നല്കിയിരിക്കുകയാണെന്നു പറയുന്നു. മീറ്റർ ബോർഡ് വയ്ക്കാൻ മാത്രം പത്തു കല്ലുകൂടി വച്ച് ചുമർ നിർമിച്ചിരിക്കുകയാണ്. ഏതുസമയവും വീഴാമെന്ന നിലയിലുള്ള കുടിലുകൾക്ക് കറന്റ് വേണ്ടെന്ന് പറഞ്ഞെങ്കിലും കെഎസ്ഇ ബി വൈദ്യുതി കണക്ഷൻ നല്കുകയായിരുന്നുവെന്ന് ആദിവാസികൾ പറഞ്ഞു.
ഇതുമൂലം ഇടിയും മിന്നലുമുണ്ടായാൽ ആധിയേറും.ഇവർക്കുള്ള ഭൂമി ഇവർ തന്നെ കണ്ടെത്തി ഭൂമിയുടെ ഉടമയേയും കൂട്ടി ചിറ്റൂരുള്ള ട്രൈബൽ ഓഫീസിലേക്കു പോകണമെന്നാണ് അധികൃതർ പറയുന്നത്.ഇങ്ങനെ ഇടയ്ക്കിടെ ഓരോരുത്തരെയും കൂട്ടി പണം ചെലവാക്കി പോകുന്നതല്ലാതെ അധികൃതർ വേണ്ടവിധം കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് പരാതി.