തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങൾ ഇപ്പോഴും ബാക്കി. കുട്ടികൾ മരത്തിൽനിന്നു വീണാണ് മരിച്ചതെന്ന് പോലീസ് ആദ്യംതന്നെ സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും ഇതു ശരിവയ്ക്കുന്നതാണ്. മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികൾ വ്യത്യസ്തത ദിവസങ്ങളിലാണ് മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
രണ്ട് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. 16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുള്ള അരുണ് കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.മൃഗങ്ങൾ ആക്രമിച്ച പാടുകളൊന്നും ശരീരത്തിലില്ല. തേനെടുക്കാൻ കയറിയപ്പോൾ മരത്തിൽനിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാമെന്നാണ് പോലീസ് നിഗമനം. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. അന്നുതന്നെ അപകടം നടന്നതായാണ് പോലീസ് കരുതുന്നത്.അപ്പോഴും പോലീസിനെയും ബന്ധുക്കളെയും കുഴയ്ക്കുന്ന ചില ചോദ്യങ്ങൾ ബാക്കിയാണ്. കോളനിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കാണാനില്ല എന്നറിഞ്ഞത് മുതൽ കോളനിവാസികൾ കാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു.
അപ്പോൾ കുട്ടികൾ അപകടത്തിൽപെട്ട് കിടക്കുന്നത് കണ്ടിരുന്നില്ല. വനവിഭവങ്ങൾ ശേഖരിക്കുന്ന സമയമാണ്. ആദിവാസികൾ മിക്കവാറും കാട്ടിൽ വിഭവങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയിലും കുട്ടികൾപെട്ടില്ല എന്നത് സംശയത്തിനിടയാക്കുന്നുണ്ട്.