മുക്കം: പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ആദിവാസികളെ തിരുവമ്പാടി റബര്‍ എസ്റ്റേറ്റില്‍ കഠിനാധ്വാനം ചെയ്യിപ്പിക്കുന്നു. രക്ഷിതാക്കള്‍ക്കൊപ്പം ഒട്ടുപാല് ശേഖരിക്കുന്നതും തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകള്‍ ചുമക്കുന്നതുമെല്ലാം പിഞ്ചുകുട്ടികള്‍ ഉള്‍പ്പെട്ട സംഘം . തിരുവമ്പാടി എസ്റ്റേറ്റില്‍ കരാറുകാരന് ആദിവാസി കുട്ടികളെ വച്ച് വലിയ ചൂഷണം നടത്തുന്നതായുള്ള വാര്‍ത്ത പുറത്ത് വന്നതോടെ ഗ്രാമപഞ്ചായത്തിന്റെയും ട്രൈബല്‍ ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ എസ്റ്റേറ്റില്‍ സംയുക്ത പരിശോധന നടത്തി.
എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കുട്ടികളെ ഇവിടെ നിന്ന് കരാറുകാരന് കടത്തിയതായാണ് സൂചന. അതേ സമയം പരിശോധനയില്‍ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടുപാല് ശേഖരിച്ചു വച്ചതായി കാണാന്‍ കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എസ്റ്റേറ്റ് മാനേജരോട് വിശദീകരണം തേടും. പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടും. തിരുവമ്പാടി പഞ്ചായത്തില്‍ ഒരിടത്തും ഇത്തരത്തിലുള്ള ബാലവേല അനുവദിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിന് പറഞ്ഞു.
പ്രദേശത്തു നടത്തിയ അന്വേഷണത്തിന്റെയും പുറത്തുവന്ന വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ ഇവിടെ ബാലവേല നടന്നതായും ശേഖരിച്ച വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ട്രൈബല്‍ ഓഫീസര്‍ ഷമീര്‍ പറഞ്ഞു .പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, പ്രമോട്ടര്‍ കിഷോര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സച്ചിദാനന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി.